സിജോ പൈനാടത്ത്
കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനുശേഷം മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിവർഷ വേതനം ലഭിച്ചിരുന്ന ഉദ്യോഗം ഉപേക്ഷിച്ച്, പൗരോഹിത്യജീവിതത്തിന്റെ മഹിതവീഥിയിൽ യാത്ര ചെയ്യാനുറച്ചൊരു തീക്ഷ്ണയൗവനം. ഫാ. കെൻസി ജോസഫ് മാമൂട്ടിലിനു തന്റെ കഴിവുകൾക്കും നേട്ടങ്ങൾക്കുമപ്പുറത്ത് അനുപമ ലാവണ്യമാണു പൗരോഹിത്യം.
മുംബൈ ഐഐടിയിലെ പഠനശേഷം ഇംഗ്ലണ്ടിൽ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണു 2007-ൽ കെൻസി ജോസഫ് ഈശോസഭാംഗമായി വൈദിക പരിശീലനം ആരംഭിക്കുന്നത്. പതിനൊന്നു വർഷത്തെ പഠനവും പരിശീലനവും പൂർത്തിയാക്കി ഇക്കഴിഞ്ഞ 30-നു ലണ്ടനിൽ പൗരോഹിത്യം സ്വീകരിച്ചു. പ്രഥമ ദിവ്യബലിയർപ്പണം മാതൃ ഇടവകയായ എറണാകുളം പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ ഞായറാഴ്ച നടക്കും.
കുവൈറ്റിൽ ഫ്രഞ്ച് കന്പനിയിൽ ഫിനാൻസ് മാനേജരായിരുന്ന ജോസഫ് തങ്കച്ചന്റെയും കുഞ്ഞമ്മ തങ്കച്ചന്റെയും മൂത്ത മകനായി 1980 ജൂലൈ 24-നാണു ഫാ. കെൻസിയുടെ ജനനം. ചങ്ങനാശേരി ചെത്തിപ്പുഴയിൽ ജനിച്ച ജോസഫ് തങ്കച്ചൻ വർഷങ്ങളായി പാലാരിവട്ടത്താണു താമസം. കെൻസി ജനിച്ചതും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതും കുവൈറ്റിൽ.
2002-ൽ മുംബൈ ഐഐടിയിൽ കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് പൂർത്തിയാക്കി. ഒരു വർഷം മക്കൻസി ഗ്രൂപ്പിന്റെ ന്യൂഡൽഹിയിലെ കണ്സൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്തു. തുടർന്ന് അമേരിക്കൻ ബാങ്കിംഗ് കന്പനിയായ കാപിറ്റൽ വണ്ണിന്റെ യുകെയിലെ നോട്ടിംഗാമിലുള്ള യൂറോപ്യൻ ഡിവിഷണിൽ ക്രെഡിറ്റ് റിസ്ക് അനലിസ്റ്റായി നാലു വർഷം ജോലി. ഇതിനിടയിൽ അമേരിക്കയിൽ എംബിഎ പഠനത്തിനായി എഴുതിയ ‘ജി മാറ്റ്’ പരീക്ഷയിൽ മികച്ച വിജയം നേടി.
പഠനകാലം മുതൽ ക്രിസ്തീയ തത്വശാസ്ത്രവും ദൈവശാസ്ത്രവും കെൻസിയെ ആകർഷിച്ചു. ക്രിസ്തുവഴികളെക്കുറിച്ചു സ്വന്തം നിലയിലുള്ള പഠനവും അന്വേഷണവും ആനന്ദമായിരുന്നു.
2007-ൽ ഈശോസഭയുടെ ബ്രിട്ടീഷ് പ്രോവിൻസിൽ ചേരുകയും, നൊവിഷ്യേറ്റിനുശേഷം പൂനയിൽ തത്വശാസ്ത്ര പഠനവും, റീജൻസിയും ലണ്ടൻ, മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനവും പൂർത്തിയാക്കി 38-ാം വയസിൽ വെസ്റ്റ്മിൻസ്റ്റർ ബിഷപ് ഡോ. നിക്കോളാസ് ഹഡ്സനിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
പ്രാർഥനയിലൂടെയും പഠനത്തിലൂടെയും രൂപപ്പെടുത്തിയ ഉറച്ച ബോധ്യങ്ങളോടെ സ്വീകരിച്ച പൗരോഹിത്യം മറ്റെന്തിനെക്കാളും സംതൃപ്തി നൽകുന്നതാണെന്നു ഫാ. കെൻസി പറയുന്നു. ഉന്നതനിലയിലുള്ള ജോലിയും തുടർന്നുള്ള വലിയ സാധ്യതകളും ഉപേക്ഷിക്കുന്നതിനെ പലരും ആദ്യം എതിർത്തെങ്കിലും മകന്റെ ബോധ്യങ്ങൾക്കു മാതാപിതാക്കളുടെ പിന്തുണയുണ്ടായിരുന്നു. ഏക സഹോദരൻ ഡോ. കെവിൻ ജോസഫ് തൊടുപുഴ മുതല ക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ഫിസിഷ്യനാണ്.
ബ്രിട്ടനിൽ കത്തോലിക്കാ വിശ്വാസവും പൗരോഹിത്യവും വലിയ വെല്ലുവിളികൾ അഭിമുഖീകരിച്ച ഘട്ടത്തിലാണു ഫാ. കെൻസി വൈദികജീവിതം തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ യുകെയിൽ കൂടുതൽ പേർ പൗരോഹിത്യത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നു ഫാ. കെൻസി പറയുന്നു.
പൗരോഹിത്യജീവിതത്തിന്റെ നന്മയും അനന്യതയും അവർണനീയമെന്നുറക്കെ പാടുന്ന ഫാ. കെൻസി ജോസഫിനു തുടർന്നുള്ള ദൗത്യവും യുകെയിൽ തന്നെയാണ്.
Related