കോവിഡ് – തീരമേഖലകളിൽ സര്‍ക്കാർ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സജീവമാക്കണം; കെ.എല്‍.സി.എ.
അടിയന്തരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേപരിപാടികളിലേക്ക്...
അനിൽ ജോസഫ്
കൊച്ചി: കേരളത്തിലെ വിവിധ തീര മേഖലകളില്‍ കൊവിഡ് രോഗ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എല്‍.സി.എ. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കി. തിരുവനന്തപുരത്തെ പുല്ലുവിളയിലും, കരുംകുളം പഞ്ചായത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം അതീവഗുരുതരമാണെന്നും, കടല്‍ ക്ഷോഭം കൂടി നേരിടേണ്ടിവന്നതോടെ ചെല്ലാനത്തും സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്നും കെഎല്‍സിഎ കത്തിൽ വിവരിക്കുന്നു.
കൂടാതെ, തികഞ്ഞ ജാഗ്രതയോടു കൂടി സര്‍ക്കാര്‍ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അടിയന്തരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും കെ.എല്‍.സി.എ. മുന്നറിയിപ്പ് നല്കി. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ സംയുക്തമായാണ് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കിയിരിക്കുന്നത്.
അടിയന്തര സ്വഭാവത്തില്‍ നല്കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്:
1. കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം.
2. കോവിഡ് രോഗം ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സിക്കണം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ശുചിമുറികളുടെ കുറവ് പരിഹരിക്കണം.
3. മരണത്തെ തുടര്‍ന്നുളള സ്രവ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണം.
4.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗര മേഖലകളില്‍ മാത്രമായി ഒതുക്കരുത്. രോഗവ്യാപനം സംശയിക്കുന്ന എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
5. നിയന്ത്രണ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.