കോവിഡ് കാലത്ത് കരുതലും കൈത്താങ്ങുമായി നെയ്യാറ്റിന്‍കര കത്തീഡ്രല്‍ കുടുംബം
ഇടവകയുടെ തന്നെ ഭാഗമായ സെന്റ് തെരേസാസ് കോണ്‍വെന്റ് സിസ്റ്റേഴ്സ് ആതുര സേവന രംഗത്ത് സജീവമായി മുന്നിട്ടിറങ്ങി...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് കാലത്ത് അശരണര്‍ക്ക് കരുതലും കൈത്താങ്ങുമായി നെയ്യാറ്റിന്‍കര കത്തീഡ്രല്‍ കുടുംബം. അമലോല്‍ഭവ മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ കോവിഡ് 19 മഹാമാരി യോടനുബന്ധിച്ച് ഗവണ്മെന്റ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, വീടുകളില്‍ തന്നെ ആയിരിക്കുന്ന മുഴുവന്‍ ഇടവക ജനങ്ങള്‍ക്കും, പ്രദേശവാസികള്‍ക്കും ആശ്വാസം നല്കുന്ന മാതൃകയാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി അല്‍ഫോന്‍സ് ലിഗോരിയുടെ നേതൃത്വത്തില്‍, ഇടവക കൗണ്‍സില്‍ അംഗങ്ങള്ളുടെ നേതൃത്വത്തില്‍ തുടരുകയാണ്.
ഇടവകയിലെ എല്ലാ കുടുംബങ്ങളിലും, ഊരുട്ടുകാല-പുന്നക്കാട്-വഴുതൂര്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കും ലോക്ഡൗണ്‍ കാലയളവില്‍ അരി, എണ്ണ ഉള്‍പ്പെടെയുള്ള പലവ്യഞ്ജന ഭക്ഷ്യ സാധനങ്ങള്‍ നല്കി. ഇതിനുപുറമേ യൂണിറ്റ് ഭാരവാഹികള്‍ പ്രത്യേക താല്പര്യമെടുത്ത് പച്ചക്കറിയും, പഴവര്‍ഗങ്ങളും ഭവനങ്ങളില്‍ എത്തിച്ചു. നെയ്യാറ്റിന്‍കര നഗരസഭ സാധാരണക്കാര്‍ക്കായി ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാനായി ഇരുപതിനായിരം രൂപ മുന്‍സിപ്പല്‍ വൈസ് ചെയര്മാന് കെ.കെ.ഷിബുവിനു കൈമാറി. ഇതിനുപുറമേ യൂണിറ്റ് തലത്തില്‍ ഫേസ് മാസ്ക്കുകളും, ഹോമിയോ പ്രതിരോധ ഗുളികകളും ആവശ്യാനുസരണം നല്കി. നെയ്യാറ്റിന്‍കര നഗരസഭയിലെ വൈസ് ചെയര്മാന് കെ.കെ.ഷിബു, ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിന്, കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ എന്നിവര്‍ മാസ്കുകള്‍ നല്കി. കുറവുള്ള ആയിരത്തോളം മാസ്ക്കുകള്‍ ഇടവക കൗണ്‍സില്‍ തയ്പ്പിച്ചു നല്കി. കത്തീഡ്രല്‍ കൗണ്‍സില്‍ അംഗങ്ങളായ ജെ രാജേന്ദ്രന്, സനല്‍കുമാര്‍ ക്ലീറ്റസ്, ജെ.കേസരി, ബെന്‍ അച്ഛന് ജോസ് എന്നിവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനസജ്ജരായ യൂണിറ്റ് ലീഡേഴ്സും, യുവജനങ്ങളും സാധനങ്ങള്‍ എല്ലാ ഭവനങ്ങളിലും എത്തിക്കുവാനായി സഹായിച്ചു. അനുജു ദാസ്, അജിത് ജോര്‍ജ്, രഞ്ജിത്ത് റ്റി, ജിജോ വര്‍ഗീസ്, ആന്റോ വില്യം, വിപിന്‍ വിന്‍സന്റ് എബിന് അലക്സ്, സജിത് ജോര്‍ജ്, സതീഷ് റസലയന്‍ എന്നിവരുടെ പ്രയത്നങ്ങളും പ്രശംസനീയമാണ്.
ഇടവകയുടെ തന്നെ ഭാഗമായ സെന്റ് തെരേസാസ് കോണ്‍വെന്റ് സിസ്റ്റേഴ്സ് ആതുര സേവന രംഗത്ത് സജീവമായി മുന്നിട്ടിറങ്ങി. നെയ്യാറ്റിന്‍കര ഠൗണിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കര്‍മലീത്ത സഭാ സിസ്റ്റേഴ്സ് ഓഖി ദുരന്ത സമയത്തും സഹായഹസ്തവുമായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച മാതൃകയായവരാണ്. കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ഗ്രേസിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പാലിറ്റിയില്‍ നിര്‍ധനര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയ്ക്കായി 15,000 രൂപയുടെ പലവ്യഞ്ജന സാധനങ്ങളും, മറ്റ് അത്യാവശ്യങ്ങള്‍ക്കായി ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ നല്കി. അങ്ങനെ ദുരന്തം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറുന്നു.