കെ.സി.ബി.സി. മീഡിയ കമ്മീഷൻ “ദയാതുഷാരങ്ങൾ” ചിത്രപ്രദർശനം സംഘടിപ്പിച്ചു
കെ.സി.ബി.സി. മീഡിയ കമ്മീഷൻ "ദയാതുഷാരങ്ങൾ" ചിത്രപ്രദർശനം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
എറണാകുളം: കെ.സി.ബി.സി. മീഡിയ കമ്മീഷൻ “ദയാതുഷാരങ്ങൾ” (Mercy Dews) എന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു.
9 കലാകാരന്മാരും 58 കുട്ടികളും ചേർന്ന് “ദയാതുഷാരങ്ങൾ” എന്ന പേരിൽ ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ഒരുക്കിയ ചിത്രപ്രദർശനം വേറിട്ടൊരനുഭവം സമ്മാനിച്ചു.
ഈ മാസം 4 മുതൽ 8 വരെയായിരുന്നു പ്രദർശനം. നൂറുകണക്കിന് ആസ്വാദകർ “ദയാതുഷാരങ്ങൾ” സന്ദർശിച്ചു മടങ്ങി.
ജൂലൈ നാലാം തീയതി വൈകിട്ട് 5 മണിക്ക് ചിത്രകാരനും കോളമിസ്റ്റുമായ ബോണി തോമസാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്.
വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 58 കുട്ടികളും കലാകാരന്മാരായ 7 വൈദികരും സിസ്റ്റേഴ്സും ഉൾപ്പെട്ട സംഘമാണ് ചിത്രപ്രദർശനം ഒരുക്കുത്.
കലയിലൂടെ മാനുഷികത യിലേക്കുള്ള സന്ദേശമാണ് ഓരോ ചിത്രവും വരച്ചു കാട്ടിയത്. വർത്തമാന കാലത്തിന്റെ അപചയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു “ദയാതുഷാരങ്ങൾ” എന്ന് ആസ്വാദകർ വിലയിരുത്തി.
പരസ്പരം അകലുകയും പ്രകൃതിയിൽനിന്ന് അന്യമാവുകയും ചെയ്യുന്ന മനുഷ്യൻറെ ഇന്നത്തെ വികല സംസ്കാരത്തിനെതിരെ പാരസ്പര്യത്തിന്റെയും ദയയുടെയും വർണ്ണ സംഗീതമായിരുന്നു ഈ ചിത്രങ്ങളെന്ന് അനവധി പേർ അഭിപ്രായം രേഖപ്പെടുത്തി.
കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ഈ ചിത്ര പ്രദർശനത്തിന് എല്ലാ ദിവസവും സന്ദർശകരുടെ തിരക്കായിരുന്നുവെന്നും ഇത് വരും നാളുകളിലേക്ക് വലിയ പ്രചോദനമാകുമെന്നും സംഘാടകർ വിലയിരുത്തുന്നു.