Kerala

കെ.ആര്‍.എല്‍.സി.സി. ജനറല്‍ കൗണ്‍സില്‍; ലത്തീന്‍ ബിഷപ്പുമാരുടെ പ്രത്യേകയോഗം ആരംഭിച്ചു

കെ.ആര്‍.എല്‍.സി.സി. ജനറല്‍ കൗണ്‍സില്‍; ലത്തീന്‍ ബിഷപ്പുമാരുടെ പ്രത്യേകയോഗം ആരംഭിച്ചു

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് മുന്നോടിയായി കേരളത്തിലെ 12 ലത്തീന്‍ രപൂതകളിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിച്ചു. ഇന്ന് വൈകിട്ട് 8 മണിയോടെ സമാപിക്കുന്ന ബിഷപ്പുമാരുടെ യോഗത്തിന്റെ തുടര്‍ച്ചയായിരിക്കും നാളെ നടക്കുന്ന പരിപാടികള്‍. നാളെ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ “അധികാര പങ്കാളിത്തം നീതിസമൂഹത്തിന്” എന്ന പ്രമേയമാണ് ചര്‍ച്ചചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ചും, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പാര്‍ലമെന്‍റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരെയുള്ള സമരങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഉദ്ഘാടനസമ്മേളനം, പ്രതിനിധിസമ്മേളനം, നെയ്യാറ്റിന്‍കര രൂപതയിലെ 12 ഇടവകകളിലുള്ള സന്ദര്‍ശനം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും.

നാളെ രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍, എം. വിന്‍സെന്റ് എം.എല്‍.എ., നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ല്യു.ആര്‍.ഹീബ എന്നിവര്‍ പ്രസംഗിക്കും. പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിനെ സമ്മേളനത്തില്‍ ആദരിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉപഹാരം നല്കും. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുമോദനപ്രസംഗം നടത്തും.

പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു വൈസ് പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.തോമസ് തറയില്‍, ആന്‍റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്‍റണി നൊറോണ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളില്‍ പി.ആര്‍.കുഞ്ഞച്ചന്‍, പ്ലാസിഡ് ഗ്രിഗറി, ഡോ.ചാള്‍സ് ലിയോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കേരളത്തിലെ 12 ലത്തീന്‍ രൂപതയില്‍നിന്നുള്ള മെത്രാന്മാരും, വൈദികരും, സന്യസ്ത അല്മായ പ്രതിനിധികളുള്‍പ്പെടെ 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കെ.എല്‍.സി.എ., സി.എസ്.എസ്., കെ.എല്‍.സി.ഡബ്ല്യു.എ., ഡി.സി.എം.എസ്., കെ.സി.വൈ.എം. എന്നീ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കും. ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍പരിപാടികളും യോഗം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍.ജി.ക്രിസ്തുദാസും, ജനറല്‍ കണ്‍വീനര്‍ ആറ്റുപുറം നേശനും അറിയിച്ചു

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker