കുരിശുമല: തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ മലകയറി വിശുദ്ധകുരിശിനെ ദര്‍ശിച്ച് ജീവിത സായൂജ്യം നേടി. “കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ” എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി നിരവധി പേരാണ് ഓരോ ദിവസവും കുരിശുമലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
വൈകുന്നേരങ്ങളിലാണ് തിരക്കധികവും അനുഭവപ്പെടുന്നത്. വേനലവധിയായതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഏറെ ആഹ്ലാദത്തോടെയാണ് മലകയറാന്‍ എത്തുന്നത്. കഠിനമായ മീനച്ചൂടിലും മനസ്സും ശരീരവും തണുപ്പിക്കുന്നതിനായി നിരവധി സജ്ജീകരണങ്ങളാണ് തീര്‍ത്ഥാടനകമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
നെറുകയിലേയ്ക്കുള്ള പാതയോരങ്ങളില്‍ പലസ്ഥലങ്ങളിലായി വിശ്രമ സങ്കേതങ്ങളും, സൗജന്യ ഭക്ഷണവും, കുടിവെള്ളവും, മെഡിക്കല്‍ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സംഗമവേദിയിലും തീര്‍ത്ഥാടന പാതകളിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലുമുള്ള തിരുക്കര്‍മ്മങ്ങളിലും ആത്മീയ ശുശ്രൂഷകളിലും നിരവധി വിശ്വാസികള്‍ പങ്കെടുക്കുന്നു.
ഇടവകകളില്‍ നിന്ന് സംഘമായി വലിയ മരക്കുരിശും പേറി കിലോമീറ്ററുകള്‍ കാല്‍നടയാത്ര ചെയ്താണ് പലരും കുരിശുമലയില്‍ എത്തിച്ചേരുന്നത്. സംഗമവേദിയില്‍ നടന്ന ദിവ്യബലിയിലും വിശുദ്ധകുരിശനുഭവ ധ്യാനത്തിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.