കുട്ടികൾക്കായി വൈദികന്റെ ഓണപ്പാട്ട്
ജാക്സൺ സേവ്യര്‍ എന്ന യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്...
സ്വന്തം ലേഖകൻ
എറണാകുളം: കുട്ടികളുടെ ഓണക്കാല സ്വപ്നങ്ങളെ മുൻനിർത്തി ഫാ.ജാക്സൺ സേവ്യർ കിഴവന എഴുതിയ ഓണപ്പാട്ടും, വീഡിയോ ചിത്രീകരണവും യുട്യൂബിൽ തരംഗമാകുന്നു. ഈ കൊറോണാക്കാലത്തിൽ കടന്നുവരുന്ന ഓണം കുഞ്ഞുമനസുകളിൽ ഉളവാക്കുന്ന വിവിധഭാവങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്.
കുട്ടികളുടെ ഓണക്കാല ഒരുക്കങ്ങളും, മഹാബലിക്ക് വേണ്ടിയുളള കാത്തിരിപ്പും ഒക്കെ വിഷയമാകുന്ന മനോഹരമായ ഒരു ഗാനമാണ് ഗ്രേസ് കാതറിൻ അഭിലാഷ് പാടി, ആവണി സന്ദീപ് അഭിനയിച്ചിരിക്കുന്ന ‘ഓണത്തപ്പാ നീ എവിടെ?’ എന്ന ഗാനചിത്രീകരണം. ജാക്സൺ സേവ്യര്‍ എന്ന യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഫാ.ജാക്സൺ തന്നെ എഴുതി, സംഗീതം നൽകിയ ഗാനത്തിന് എബിൻ പള്ളിച്ചലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. കുട്ടികളുടെ നൈർമല്യ പ്രത്യേകതകളെ അതിന്റെ ലാളിത്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത് ജിന്റുസ് ഫോട്ടോഗ്രഫിയാണ്. വിയന്ന യൂണിവേഴ്സിറ്റിയിൽ സംഗീതം പഠിക്കുന്ന ഫാ.ജാക്സൺ സേവ്യർ എറണാകുളം-അങ്കമാലി അതിരൂപത അംഗവും ചമ്പക്കര സ്വദേശിയുമാണ്.