ബർലിൻ: ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ മുൻ അധ്യക്ഷനും മെയ്ൻസ് രൂപതയുടെ എമെരിറ്റസ് ബിഷപ്പുമായ കാൾ ലെഹ്മൻ (81) അന്തരിച്ചു. ഈ മാസം 21-ന് മെയ്ൻസ് കത്തീഡ്രലിൽ അന്ത്യകർമങ്ങൾ നടത്തും. 2016ൽ രൂപതാ ഭരണത്തിൽനിന്നു വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞവർഷമുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യനില മോശമായി.
ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മുൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാ. കാൾ റാനർ എസ്. ജെ.യുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. മെയ്ൻസിലെ ജൊഹാനിസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1983ൽ മെയ്ൻസ് ബിഷപ്പായി അഭിഷിക്തനായി. 20 വർഷം ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായിരുന്നു. 2001-ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
Related