കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ആൾരൂപമായി കൊല്ലം ബിഷപ്പ്
കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ആൾരൂപമായി കൊല്ലം ബിഷപ്പ്
സ്വന്തം ലേഖകൻ
കൊല്ലം: ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് അപമാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ലോകത്തിൽ അവരുടെ മുന്നിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ആൾരൂപമായി മാറുകയായിരുന്നു ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കൊല്ലം രൂപതയുടെ ഭാഗമായ മാവേലിക്കര ഫെറോനയിൽ മഴ കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബിഷപ്പ് സന്ദർശനം നടത്തിയത്.
രൂപതയുടെ ഭാഗമായ ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റി, വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളെ പുന:രധിവസിപ്പിച്ചിട്ടുണ്ട്.
ബിഷപ്പ് ദുരിത ബാധിതരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അടിയന്തിര സഹായങ്ങൾ ഉറപ്പ് നല്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ കൈകൊള്ളണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
ക്യാമ്പുകളിൽ ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബിഷപ്പ് ചർച്ച നടത്തുകയും പകർച്ച വ്യാധികൾ തടയുന്നതിന് ആവശ്യമായ കരുതൽ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. QSSS ഡയറക്ടർ ഫാ. എസ്. അൽഫോൺസ്, രൂപത പ്രൊക്യുറേറ്റർ ഫാ. കെ.ബി.സെഫറിൻ, ഫാ. ജോ അലക്സ്, KLCA ഭാരവാഹി ജോസ് കുട്ടി എന്നിവരും പിതാവിന്റെ കൂടെയുണ്ടായിരുന്നു.