Vatican

കത്തോലിക്ക സഭ തളരുകയല്ല, അതിവേഗം വളരുകയാണ്; കണക്കുകള്‍ പുറത്ത്

കത്തോലിക്ക സഭ തളരുകയല്ല, അതിവേഗം വളരുകയാണ്; കണക്കുകള്‍ പുറത്ത്

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: സഹനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു കത്തോലിക്ക സഭ വീണ്ടും ശക്തമായ വളർച്ചയുടെ പാതയിൽ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21-ന് 92-മത് ആഗോള മിഷന്‍ ഞായര്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിഡ്‌സ് പുറത്തുവിട്ട ആഗോള കത്തോലിക്കാ സഭയുടെ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം 1.4 കോടി ആളുകളാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 2016-ലെ ‘ബുക്ക്‌ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്’ ആണ് ഫിഡ്സിന്റെ കണക്കുകള്‍ക്കാധാരം. മുന്‍വര്‍ഷത്തെ അതായത് 2015-ലെ കണക്കുകളുമായുള്ള താരതമ്യവും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. വര്‍ദ്ധനവ് + അടയാളം കൊണ്ടും, കുറവ് – അടയാളം കൊണ്ടുമാണ് സൂചിപ്പിച്ചിരിക്കുന്നത്.

2016 ഡിസംബര്‍ 31-വരെ ആഗോള കത്തോലിക്കരുടെ എണ്ണം 129,90,59,000 ആണ്. മുന്‍ വര്‍ഷത്തില്‍ നിന്നും 1,42,49,000 ആളുകളാണ് വിവിധ മതങ്ങളിൽ നിന്നും പ്രൊട്ടസ്റ്റന്റ് അടക്കമുള്ള വിഭാഗങ്ങളിൽ നിന്നും പുതുതായി കത്തോലിക്ക വിശ്വാസത്തെ പുൽകിയത്. യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും അധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ആഫ്രിക്കയിലാണ് (+ 6,265,000). തൊട്ടു പിന്നില്‍ അമേരിക്കയും (+6,023,000), അതിനുശേഷം ഏഷ്യയും (+1,956,000), പിന്നെ ഓഷ്യാനയും (+254,000) ആണ്. ആഗോള ജനസംഖ്യയുടെ 17.67% ആളുകളും കത്തോലിക്കരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം യൂറോപ്പില്‍ (- 0.11) കുറവാണ് കാണിക്കുന്നത്.

സ്ഥിരതാമസക്കാരായ പുരോഹിതനുള്ള മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 2140 ആണ്. മുന്‍പത്തെ വര്‍ഷത്തില്‍ നിന്നും 581 പേരുടെ വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. യൂറോപ്പിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മെത്രാന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ലോകമാകെ 5353 മെത്രാന്‍മാര്‍ ഉണ്ട്. ഇതില്‍ രൂപതാ മെത്രാന്‍മാരുടെ എണ്ണം 4063 (+ 27), ഇതര മെത്രാന്‍മാരുടെ എണ്ണം 1263 (+ 22) മാണ്. എന്നാല്‍ പുരോഹിതരുടെ എണ്ണത്തില്‍ ഇക്കൊല്ലവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 414,969 പുരോഹിതന്‍മാരാണ് ഉള്ളത് (- 687). അതേസമയം ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നതും ശ്രദ്ധേയമാണ്.

സ്ഥിര ഡീക്കന്‍മാരുടെ എണ്ണവും 1057 യൂണിറ്റില്‍ നിന്നും 46312 യൂണിറ്റായി വര്‍ദ്ധിച്ചിട്ടുണ്ട്. അല്‍മായ പ്രേഷിതരുടെ എണ്ണത്തില്‍ 354,743 യൂണിറ്റ് വര്‍ദ്ധനവാണുള്ളത്. ആഗോള വിദ്യാഭ്യാസ മേഖലയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ 72,826 കിന്റര്‍ഗാര്‍ട്ടനുകളിലായി 7,313,370 വിദ്യാര്‍ത്ഥികളും, 96,573 പ്രൈമറി സ്കൂളുകളിലായി 35,125,124 വിദ്യാര്‍ത്ഥികളും, 47,862 സെക്കന്‍ഡറി സ്കൂളുകളിലായി 19,956,347 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. 2,509,457 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും, 3,049, 548 സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സഭാ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.

ശത്രുക്കളും പീഡകരും വിമര്‍ശകരും വര്‍ദ്ധിക്കുന്നതിന് അനുസരിച്ചു തന്നെ കത്തോലിക്ക സഭയില്‍ ചേക്കേറുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രസത്യമാണ് പുതിയ കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker