കണ്ണീരിലാഴുന്ന പ്രിയപ്പെട്ട നാടിനുവേണ്ടി പ്രാർത്ഥനയാചരണത്തോടെ ഇറ്റലിയിലെ മലയാളികൾ
കണ്ണീരിലാഴുന്ന പ്രിയപ്പെട്ട നാടിനുവേണ്ടി പ്രാർത്ഥനയാചരണത്തോടെ ഇറ്റലിയിലെ മലയാളികൾ
സ്വന്തം ലേഖകൻ
റോം : കണ്ണീരിലാഴുന്ന പ്രിയപ്പെട്ട നാടിനുവേണ്ടിയും ഉറ്റവർക്കുവേണ്ടിയും പ്രാർത്ഥനയാചരണത്തോടെ ഇറ്റലിയിലെ മലയാളികൾ. നാട്ടിലെ ദുരിതപൂർണ്ണമായ അവസ്ഥകളെയും ഇനിയും മരണത്തെ മുഖാഭിമുഖം കാണുന്നവരെയും, എല്ലാം നഷ്ട്ടപ്പെട്ട് ഒന്നുമില്ലാത്ത വരായിത്തീർന്നവരെയും, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രിയപ്പെട്ടവരേയും, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെയും ഓർത്ത് ദിവ്യകാരുണ്യനാഥന്റെ മുൻപിൽ താഴ്മയോടെ ഒരുമിച്ച് കരങ്ങൾ ഉയർത്തി ഈ ദിവസങ്ങളിലെല്ലാം, പ്രാർഥനയോടെയാണ് ഇറ്റലിയിലെ മലയാളികൾ.
മലയാളികളുടെ വികാരി അച്ചനായ തിരുവനന്തപുരം അതിരൂപതാ വൈദികൻ ഫാ. സനു ഔസേപ്പച്ചനോടൊപ്പം വ്യാഴാഴ്ച റോമിലെ “സാന്ത സ്കാല” (യേശു പീലാത്തോസിന്റെ അരമയിലേയ്ക്ക് കുരിശു മരണത്തിനായി വിധിക്കപ്പെടാനായി കയറിയ പടികൾ) യിൽ മുട്ടിന്മേൽ പ്രാർത്ഥനയോടും പ്രായശ്ചിത്തത്തോടും കൂടി കയറി, കേരളത്തെ സമർപ്പിച്ചു.
നാളെ ഞായറാഴ്ച, ഇറ്റലിയിലെ പ്രാദേശിക സമയം രാവിലെ 9.30 മുതൽ കുമ്പസാരവും, 10.00 മണിക്ക് എല്ലാ മലയാളികളും ഒത്തുചേർന്ന് കേരളത്തിനുവേണ്ടി ദിവ്യകാരുണ്യ ആരാധനയും നടത്തുന്നു. തുടർന്ന് ദിവ്യബലിയും അർപ്പിക്കുന്നു.
അതുപോലെ, ദിവ്യബലി മദ്ധ്യേയുള്ള എടുക്കുന്ന കാഴ്ചയുൾപ്പെടെ,
കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി നൽകുവാൻ ധനസമാഹരണവും നടത്തുന്നു. കേരളത്തിന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ സാധിക്കുന്നത് പുണ്യമായി കരുതി സമാഹരിക്കുന്നതിന് അവർ ശ്രമിക്കുന്നു.
നമ്മുടെ പ്രിയപ്പെട്ടവർ ദുരന്തങ്ങളുടെ യഥാർത്ഥ മുഖം മുന്നിൽ കാണുമ്പോൾ, മരണഭീതിയിൽ ജീവിക്കുമ്പോൾ, നല്ല അയൽക്കാരനെപ്പോലെ കരം കൊടുക്കാനാകണമെന്നും ഫാ. സനു ഔസേപ്പച്ചൻ ഓർമ്മിപ്പിച്ചു.