Kerala

ഓഖി; യുവതികൾക്കു കൈത്താങ്ങുമായി ലത്തീൻ അതിരൂപത

ഓഖി; യുവതികൾക്കു കൈത്താങ്ങുമായി ലത്തീൻ അതിരൂപത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന യുവതികൾക്കു ലത്തീ‍ൻ അതിരൂപതാ കുടുംബ പ്രേഷിത ശുശ്രൂഷയുടെ കൈത്താങ്ങ്. അതിരൂപത പ്രഖ്യാപിച്ച പുന:രധിവാസ പാക്കേജിന്റെ ഭാഗമായി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട കുടുംബങ്ങളിലെ യുവതികൾക്കായി ‘സാന്ത്വനം’ മംഗല്യം പദ്ധതിയിലുൾപ്പെടുത്തി 28 പേർക്കു സഹായ വിതരണം നടത്തി. മൂന്നു ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്.

മേയർ വി.കെ.പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയുടെ സമഗ്രവികസനത്തിനായി ബൃഹത് കർമപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സഭയും സർക്കാരും കൈകോർത്തു പ്രവർത്തിക്കണമെന്നു മേയർ പറഞ്ഞു. ദുരന്ത കാലത്തു ദുരിതബാധിത മേഖലയിൽ സഭ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ: എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. സാമൂഹിക തിന്മകളും ധൂർത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും ആർച്ച് ബിഷപ് പറഞ്ഞു.

സമൂഹത്തിൽ നിലനിൽക്കുന്ന ആർഭാടവും ധൂർത്തും ഉപേക്ഷിക്കാൻ തയാറായാൽ ഒട്ടേറെ സാധു കുടുംബങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താൻ നമുക്കു കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലാറ്റിൻ മാട്രിമോണി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. മോൺ. യൂജിൻ എച്ച്. പെരേര, മോൺ. ജയിംസ് കുലാസ്, കുടുംബ പ്രേഷിത ശുശ്രൂഷാ ഡയറക്ടർ ഫാ. എ.ആർ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker