Daily Reflection

ഏറ്റവും വലിയ ബലി

ദൈവം ആദ്യമേ എന്നെ സ്നേഹിച്ചതുകൊണ്ട്, ഞാൻ അവന്റെ സ്നേഹം ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നു...

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” (വി.മാർക്കോ. 1:15). ഏറ്റവും വലിയ കല്പനയേതെന്ന ഒരു നിയമജ്ഞന്റെ ചോദ്യത്തിനുള്ള ഉത്തരം വി.മാർക്കോസ് 12:30-ൽ പറയുന്നുണ്ട്: “നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം”. ഈ പൂർണ്ണത ഉണ്ടാകണമെങ്കിൽ അനുതപിക്കണം, സുവിശേഷത്തിൽ വിശ്വസിക്കണം, ദൈവരാജ്യത്തിൽ ജീവിക്കണം. ഇവിടെ നിയമജ്ഞനെക്കുറിച്ചു പറയുന്നത്, ദൈവരാജ്യത്തിൽ നിന്നും അകലെയല്ല എന്നാണ് (മാർക്കോസ് 12:34). അതിനർത്ഥം അവൻ ദൈവരാജ്യത്തിൽ ആയിട്ടില്ല, ദൈവാരാജ്യത്തിനടുത്തെ ആയിട്ടുള്ളൂ എന്നാണ്.

നിയമങ്ങൾ പഠിപ്പിക്കുന്ന ഈ നിയമജ്ഞന് എന്താണ് കുറവുണ്ടായത്? നിയമങ്ങൾ അനുസരിച്ചവനായിരുന്നു, നിയമങ്ങൾ അനുസരിക്കുന്നതുവഴി ദൈവത്തെ സ്നേഹിക്കുന്നത് ദൈവത്തിനു കൊടുക്കുന്ന കടമായി കണക്കാക്കി ജീവിച്ചു. അവിടെ ദൈവത്തോടുള്ള സ്നേഹം കടമയായി മാത്രം മാറി, അത് ഒരു ഉടമ്പടിയാണെന്നു മറന്നുപോയി. ദൈവത്തോട് ചേർന്ന് നിൽക്കാനുള്ള ഒരു ഉടമ്പടി ആണെന്ന ബോധ്യം ഉണ്ടാവുമ്പോഴാണ് യേശുവിന്റെ പുതിയ ഉടമ്പടി പിതാവായ ദൈവത്തിന്റെ ഉടമ്പടിയുടെ പൂർത്തീകരണമാവുന്നത്.

യേശു ആ സ്നേഹത്തെ തന്റെ ജീവിതംകൊണ്ട് നിർവചിച്ചു. പിതാവായ ദൈവത്തോടുള്ള ബന്ധത്തിൽ അവിടുന്ന് മനുഷ്യരെ അവസാനം വരെ സ്നേഹിച്ചു, മനുഷ്യരുടെ കൂടെ അവരുടെ ദുഃഖങ്ങളിൽ ദുഃഖിച്ചും വേദനകളിൽ ആശ്വസിപ്പിച്ചും, രോഗങ്ങളിൽ സൗഖ്യം നൽകിയും ഒരു ദാസനെ പോലെ ശിഷ്യരുടെ കാലുകൾ വരെ കഴുകിയിട്ട് നമ്മോടു പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”. ആ സ്നേഹത്തിന്റെ പൂർണ്ണത അവസാനം കുരിശിൽ തന്റെ ജീവൻ നൽകി പൂർത്തിയാക്കി. പിതാവായ ദൈവത്തിന്റെ സ്നേഹം ഇതാണെന്ന് യേശു പഠിപ്പിക്കുകയായിരുന്നു. അപ്പോൾ സ്നേഹം എന്ന് പറയുന്നത്, ഞാൻ ദൈവത്തിനു കൊടുക്കുന്ന കടമായല്ല, ദൈവം എന്നെ ആദ്യം സ്നേഹിച്ചതിന്റെ ഉടമ്പടിയോടുള്ള എന്റെ മറുപടിയാണ്. ഈ സ്നേഹത്തെ ഈശോയുടെ വക്ഷസ്സിൽ ചാരിക്കിടന്ന് അനുഭവിച്ച യോഹന്നാൻ അപ്പോസ്തോലൻ പറയുന്നതും അതാണ്: “ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു. അതിനാൽ നാമും അവിടുത്തെ സ്നേഹിക്കുന്നു” (1 യോഹ. 4:19). നിയമജ്ഞരുടെ ഈ മനോഭാവത്തെയാണ് യേശു ഇവിടെ തിരുത്തുന്നത്. നിയമങ്ങൾ അനുഷ്ഠിച്ചിട്ടും ദൈവരാജ്യത്തിൽ ജീവിക്കാതെ, ദൈവാരാജ്യത്തിനു അടുത്തുമാത്രമായി ജീവിക്കേണ്ടി വന്നത്.

ദൈവം ആദ്യമേ എന്നെ സ്നേഹിച്ചതുകൊണ്ട്, ഞാൻ അവന്റെ സ്നേഹം ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നു, അത് എന്റെ യോഗ്യതയല്ല, അവിടുത്തെ ദാനമാണ്. ദാനം ലഭിച്ചത് ദാനമായി തന്നെ മറ്റുള്ളവർക്കും കൊടുക്കാൻ തുടങ്ങുമ്പോൾ അത് എല്ലാ ബലികളെക്കാളും യാഗങ്ങളെക്കാളും മഹനീയമാകുന്നു. കാരണം, പിതാവായ ദൈവം തന്നിൽ നിന്നും അകന്നുപോയ ഇസ്രായേൽ ജനത്തോടു ഹോസിയാ പ്രവാചകനിലൂടെ സംസാരിക്കുന്നുണ്ട്, “ഞാൻ അവരുടെ അവിശ്വസ്തതയുടെ മുറിവുണക്കും, ഞാൻ അവരുടെ മേൽ സ്നേഹം ചൊരിയും (ഹോസിയാ 14:4). ഇവിടെ മുറിവുണ്ടാക്കിയത് അവരുടെ കുറ്റം കൊണ്ടാണ്. എന്നിരുന്നാൽ പോലും, അതൊന്നും നോക്കാതെ ആ മുറിവുകൾ വച്ചുകെട്ടും; മാത്രമല്ല, അവരിലേക്ക്‌ ഇനിയും സ്നേഹം ചൊരിയും. ക്രിസ്‌തുചെയ്തതും അതാണ്, മുറിവുണ്ടാക്കിയവരോട്, തന്നെ മുറിപ്പെടുത്തിയവരോട്, ആ മുറിവുകൾ നോക്കാതെ അവർക്കുവേണ്ടി കൂടി കുരിശിലേറികൊണ്ട് പിതാവായ ദൈവത്തിന്റെ സ്നേഹം നമ്മിലേക്ക്‌ ഒഴുക്കി. ഇനി നമ്മുടെ ജീവിതത്തെയാണ് ഓർക്കേണ്ടത്, അവിടുന്ന് നമ്മെ സ്നേഹിച്ചു, കുറവുകളോടുകൂടി സ്നേഹിച്ചു, പക്ഷെ ആ സ്നേഹം യാഗമായി മാറ്റാൻ മാത്രം നമ്മെ ദ്രോഹിച്ചവരെകൂടി സ്നേഹിക്കാൻ എന്നാണ് നമുക്ക് സാധിക്കുന്നത്? അന്നാണ് സ്നേഹവും എല്ലാ യാഗങ്ങളെക്കാളും ബലികളെക്കാളും മഹനീയമായ സ്നേഹമാകുന്നത്. അപ്പോൾ ദൈവം നിനക്ക് പ്രതിഫലം നൽകും, കാരണം നമ്മെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്ന ദൈവം ഒരു ഉറപ്പു നൽകുന്നു: “നിനക്ക് പ്രതിഫലം നൽകുന്നത് ഞാനാണ്” (ഹോസിയ 14:8). ഈ ദൈവം എന്നെ ആദ്യമുതൽക്കേ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു എന്നതിനാൽ ഞാൻ അപരനേയും സ്നേഹിക്കണം, കാരണം അതിനുള്ള പ്രതിഫലം നൽകുന്നത് എന്റെ സ്നേഹമുള്ള പിതാവാണ്, ദൈവരാജ്യത്തിൽ ജീവിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker