Daily Reflection

ഏപ്രിൽ 4: സാക്ഷ്യം

ഏപ്രിൽ 4: സാക്ഷ്യം

വീണ്ടും, യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ നിന്നുള്ള ഭാഗമാണ് ഇന്ന് ദിവ്യബലിയിൽ നാം ശ്രവിക്കുന്നത് (യോഹന്നാൻ 5:31-47). നാം ഇന്നലെ കണ്ടതുപോലെ, ബേത് സഥ കുളക്കരയിൽ രോഗിയായ ഒരുവന് സൗഖ്യം നല്കിയതിനുശേഷം, തന്നെ വിമർശിച്ച യഹൂദർക്കുള്ള മറുപടിയായി യേശു നടത്തുന്ന പ്രഭാഷണത്തിന്റെ (യോഹ 5:19-47) രണ്ടാം ഭാഗമാണ് ഇന്നത്തെ ചിന്താവിഷയം. ഇവിടെ, തനിക്കുള്ള സാക്ഷ്യത്തെക്കുറിച്ച് യേശു പ്രതിപാദിക്കുന്നു. യേശുവിന് സാക്ഷ്യം നൽകുന്നത് പിതാവാണ്.

രണ്ടുതരത്തിലാണ്, പിതാവ് യേശുവിന് സാക്ഷ്യം നൽകുന്നത്: യേശു ചെയ്യുന്ന പ്രവൃത്തികളിലൂടെയും വിശുദ്ധ ലിഖിതങ്ങളിലൂടെയും.

യേശു ചെയ്യുന്ന പ്രവൃത്തികൾ എന്ന് ഉദ്ദേശിക്കുന്നത് അത്ഭുതപ്രവൃത്തികൾ മാത്രമല്ല, പ്രത്യുത, യേശുവിന്റെ ജീവിതം മുഴുവനുമാണ്. യേശു പറയുന്നത് “ഞാൻ പൂർത്തിയാക്കാനായി പിതാവ് എന്നെ ഏല്പിച്ച ജോലികൾ” എന്നാണു. പിതാവ് ഏല്പിച്ച ജോലി യേശു പൂർത്തീകരിക്കുന്നത് കുരിശിലാണ്. അതായത്, കുരിശുമരണവും ഉത്ഥാനവും അടക്കം യേശുവിന്റെ ജീവിതം മുഴുവനുമുള്ള പ്രവൃത്തികളിലൂടെ യഥാർത്ഥത്തിൽ പ്രകടമാകുന്നത് യേശുവിനെക്കുറിച്ചുള്ള പിതാവിന്റെ സാക്ഷ്യമാണ്. തന്റെ പ്രവൃത്തികളിലൂടെ അന്വർത്ഥമാകുന്നത് പിതാവായ ദൈവത്തിന്റെ പ്രവൃത്തികളാണ് എന്നുള്ള ആഴമായ ബോധ്യമാണ് മറ്റുള്ളവർക്ക് നിരന്തരമായ നന്മകൾ ചെയ്യാൻ യേശുവിന് കരുത്തുപകർന്നിരുന്നത്. ക്രിസ്തുശിഷ്യരായ നമ്മുടെ പ്രവൃത്തികളിലൂടെയും ദൈവത്തിന്റെ പദ്ധതികൾ നിറവേറട്ടെ.

രണ്ടാമത്തെ സാക്ഷ്യം വിശുദ്ധ ലിഖിതങ്ങളിലൂടെയാണ്. വിശുദ്ധലിഖിതങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നത് നിത്യജീവൻ നേടിയെടുക്കാൻ വേണ്ടിയായിരുന്നു. ദൈവത്തിന്റെ വചനം എന്ന നിലയിൽ വിശുദ്ധ ലിഖിതങ്ങൾക്കും യേശുവിനും തമ്മിൽ ഒരു സമാന്തര ബന്ധം (parallelism) കാണാനാകും. വിശുദ്ധലിഖിതങ്ങൾ ദൈവത്തിന്റെ വചനത്തിന്റെ സാക്ഷ്യപ്പെടുത്തലാണെങ്കിൽ, ദൈവത്തിന്റെ അതേ വചനം മാംസം ധരിച്ചതാണ് യേശു. ദൈവത്തിന്റെ വചനത്തിന്റെ സാക്ഷ്യപ്പെടുത്തൽ മാത്രമായ വിശുദ്ധലിഖിതങ്ങളിൽ നിത്യജീവൻ കണ്ടെത്താൻ പറ്റുമെങ്കിൽ, ദൈവത്തിന്റെ വചനം മാംസം ധരിച്ച യേശുവഴി എത്രയധികമായി നിത്യജീവൻ കണ്ടെത്താൻ സാധിക്കും. “എന്നിട്ടും നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു എന്റെ അടുത്തേക്കുവരാൻ നിങ്ങൾ വിസമ്മതിക്കുന്നു” എന്ന് യേശു കുറ്റപ്പെടുത്തുന്നു. യേശുവിന്റെ ഈ കുറ്റപ്പെടുത്തൽ നമുക്ക് കൂടെ ഉള്ളതാണ്. യേശു ചെയ്യുന്ന പ്രവൃത്തികളിലൂടെയും വിശുദ്ധ ഗ്രന്ഥത്തിലൂടെയും പിതാവായ ദൈവം നൽകുന്ന സാക്ഷ്യം നാം സ്വീകരിക്കുന്നത് നാം മനസാന്തരത്തോടെ യേശുവിന്റെ അടുത്ത് വരുമ്പോഴാണ്. യേശുവിന്റെ വചനങ്ങൾ അനുസരിച്ചു ജീവിക്കുമ്പോഴാണ്, പിതാവ് നമ്മുടെ രക്ഷയ്ക്കായി അയച്ച പുത്രനെ നാം യഥാർത്ഥത്തിൽ സ്വീകരിക്കുന്നതും നിത്യജീവൻ പ്രാപിക്കുന്നതും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker