ഏപ്രിൽ 12: എതിർപ്പുകൾ
ജീവിതത്തിലെ ഏതു സാഹചര്യത്തിലും, അതെല്ലാം തരണം ചെയ്യാൻ ദൈവം കൂടെനിന്നു ശക്തിതരും
ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 10:31-42), യേശുവിനെതിരെ കൂടിക്കൂടി വരുന്ന എതിർപ്പിനെ കുറിച്ച് നാം വായിച്ചുകേൾക്കുന്നു. യേശുവിന്റെ വചനങ്ങളിൽ ഇടർച്ച തോന്നിയവർ അവിടുത്തെ എറിയുവാൻ കല്ലുകൾ എടുക്കുന്നു. എന്നാൽ, ഈ സുവിശേഷഭാഗത്തിന്റെ അവസാനത്തിൽ (വാക്യം 42), വളരെപ്പേർ യേശുവിൽ വിശ്വസിക്കുന്നതായും നാം കാണുന്നുണ്ട്. യേശുവിന്റെ ദൗത്യ നിർവഹണത്തോട് ഇങ്ങനെ രണ്ടുതരത്തിലുള്ള പ്രതികരണങ്ങൾ കാണാം: ചിലർ വിശ്വസിക്കുന്നു, ചിലർ എതിർക്കുന്നു. ഈ എതിർപ്പ് കൂടി അതിന്റെ ഉന്നതസ്ഥായിയിലെത്തുമ്പോൾ യേശുവിന്റെ കുരിശുമരണം സംഭവിക്കുന്നു.
സമാനമായ ഒരു എതിർപ്പിനെക്കുറിച്ച് ഇന്ന് ആദ്യവായനയിൽ ജെറമിയ പ്രവാചകനും പറയുന്നുണ്ട് (ജെറമിയ 20:10-13). തന്റെ സുഹൃത്തുക്കൾ പോലും തന്റെ പരാജയവും വീഴ്ചയും കാണാൻ കാത്തിരിക്കുന്നതായി പ്രവാചകൻ പരിതപിക്കുന്നു. എന്നാൽ, ‘തന്റെ ശത്രുപക്ഷത്തിനു കാലിടറും, താൻ വിജയിക്കുകയും ചെയ്യും’ എന്ന് ജെറമിയ വിശ്വാസം പ്രകടിപ്പിക്കുന്നു. ഈ പ്രത്യാശയുടെ കാരണം, “വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്” എന്ന ബോധ്യമാണ്.
ഈ വചനഭാഗം ആരംഭിക്കുന്നത്, ഭീതിയെക്കുറിച്ചു പറഞ്ഞാണെങ്കിലും, അവസാനിക്കുന്നത് “ദുഷ്ടരുടെ കയ്യിൽ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് ദൈവത്തിനു കീർത്തനം ആലപിച്ചുകൊണ്ടാണ്. എതിർപ്പുകളുടെയും പ്രതികൂലമായ സാഹചര്യങ്ങളുടെയും നടുവിൽനിന്നുകൊണ്ട് സ്തുതിയുടെ കീർത്തനം പാടാൻ പ്രവാചകനെ പ്രചോദിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ ദൈവാശ്രയത്വമാണ്. ‘ജീവിതത്തിലെ ഏതു സാഹചര്യത്തിലും, അതെല്ലാം തരണം ചെയ്യാൻ ദൈവം കൂടെനിന്നു ശക്തിതരും’ എന്ന ബോധ്യത്തിൽ അനുദിനം വളരാൻ നമുക്ക് സാധിക്കട്ടെ.