എറണാകുളത്തു കടൽക്ഷോഭം ശക്തം; മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ 30-തോളം വള്ളങ്ങൾ പൂർണമായും നശിച്ചു
എറണാകുളത്തു കടൽക്ഷോഭം ശക്തം; മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ 30-തോളം വള്ളങ്ങൾ പൂർണമായും നശിച്ചു
ജോസ് മാർട്ടിൻ
കൊച്ചി: കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളായ
നായരമ്പലം, എടവനക്കാട്, ചെല്ലാനം, ഞാറയ്ക്കല്‍, മാലിപ്പുറം എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഞാറയ്ക്കലില്‍ 350 ഉം നായരമ്പലത്ത് 50 ഉം കുടുംബങ്ങളെ രാമവിലാസം സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ 21 മത്സ്യബന്ധന വള്ളങ്ങള്‍ ശക്തമായ തിരയില്‍ തകര്‍ന്നു. കരയ്ക്കുകയറ്റിവച്ചിരുന്ന ചെറുവള്ളങ്ങളാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത് വള്ളങ്ങളിലെ വലകളും എന്‍ജിനുകളും നശിച്ചു. ഓരോ വള്ളത്തിനും ശരാശരി 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടും മൂന്നും പേര്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളാണിത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നതുമൂലം വള്ളങ്ങളൊന്നും മത്സ്യബന്ധനത്തിന് പോയിരുന്നില്ല.
കനാല്‍ നിറഞ്ഞൊഴുകിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. ബുധനാഴ്ച രാത്രി മിക്ക വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.