എന്റെ പള്ളി പുന:രുദ്ധരിക്കുക; ചില ആനുകാലിക ചോദ്യങ്ങൾ
'എന്റെ പള്ളി പുന:രുദ്ധരിക്കുക' എന്ന് പറയുമ്പോൾ 'പള്ളിക്കെട്ടിടം പൊളിച്ചുപണിയുക' എന്നുമാത്രമാണോ അർത്ഥം?
ക്ളീറ്റസ് കാരക്കാട്ട്
ഒക്ടോബർ മാസം നാലാം തീയതി അസീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ തിരുനാളാണ്. സൃഷ്ടപ്രപഞ്ചത്തേയും സർവ്വ ജീവജാലങ്ങളേയും ക്രിസ്തുവിനേയും, ദാരിദ്ര്യത്തേയും നിഷ്കളങ്കതയേയും സമാധാനത്തേയും പ്രണയിച്ച്, സാത്വികത അതിന്റെ പൂർണ്ണതയിൽ ജീവിച്ച് വിശുദ്ധനായ ഒരു സാധാരണമനുഷ്യന്റെ ഓർമ്മദിനം. ഇന്നസന്റ് മൂന്നാമൻ പാപ്പ ഒരിക്കൽ ഒരു സ്വപ്നം കണ്ടതിനെക്കുറിച്ച് പലതവണ നമ്മൾ പറഞ്ഞുകേട്ടിരിക്കും. ജീർണ്ണിച്ച ഒരു ബസിലിക്കാ ദേവാലയത്തെ വിശുദ്ധ ഫ്രാൻസീസ് അസീസി തന്റെ ചുമലിൽ വഹിച്ചുകൊണ്ടുനിൽക്കുന്ന സ്വപ്നം. ഫ്രാൻസീസ് ചുമലിൽ വഹിച്ചതായി സ്വപ്നത്തിൽ കണ്ടത് ഒരുബസിലിക്കാ ദേവാലയമാണെങ്കിലും, ആ ദേവാലയം കത്തോലിക്കസഭ മുഴുവന്റേയും പ്രതീകമാണ്.
ആ സ്വപ്നം പോലും ഒരാവർത്തനമാണ്. സാൻ ഡാമിയനോയിൽ വെച്ച് ഫ്രാൻസീസ് അസീസിക്കു കിട്ടിയ സ്വപ്ന സന്ദേശത്തിന്റെ ആവർത്തനം. ഇതായിരുന്നു ആ സന്ദേശം: “എന്റെ പള്ളി പുന:രുദ്ധരിക്കുക”. എന്താണ് ഈ സന്ദേശത്തിന്റെ ഇന്നത്തെ പ്രസക്തി?
പൊതുസമൂഹത്തിൽ ഏറെ നന്മകൾ ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിദ്ധ്യമായി സഭ ഇന്നും നിലകൊള്ളുന്നതാണ് ഈ ലോകത്തിന്റെ പ്രതീക്ഷയും ആശ്വാസവും. അതുകൊണ്ടാണ് ആയിരങ്ങൾ ഓരോദിവസവും ക്രിസ്തുവിന്റെ വചനങ്ങളാൽ ആകൃഷ്ടരായി
ക്രിസ്തുവിനെ നെഞ്ചോടുചേർത്ത് ജീവിക്കുവാൻ തീരുമാനമെടുക്കുന്നത്. തീവ്രവാദങ്ങളും, വിഘടനവാദങ്ങളും, വിധ്വംസക പ്രവർത്തനങ്ങളും പെരുകുന്ന ഈ ലോകത്ത് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും കതിരൊളിയാണ് കത്തോലിക്കാ തിരുസഭ.
ലോകമനസാക്ഷിക്ക് ദ്വാരങ്ങൾ വീണിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കിടയിൽ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുവാൻ പരാജയപ്പെട്ടതും, സഭാതനയരുടെ ദൃഷ്ടി ക്രിസ്തുവിൽ നിന്ന് മാറിപ്പോയതും സഭയ്ക്ക് ചെറുതല്ലാത്ത മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഈ മുറിവുകൾ ജീർണ്ണതയിലേക്ക് പോകാതെ ഉണങ്ങുകയാണ് ഇന്നത്തെ സഭയുടെ ഏറ്റവും വലിയ ആവശ്യം.
‘എന്റെ പള്ളി പുന:രുദ്ധരിക്കുക’ എന്ന് പറയുമ്പോൾ ‘പള്ളിക്കെട്ടിടം പൊളിച്ചുപണിയുക’ എന്നുമാത്രമാണോ അർത്ഥം? ഒരു ആന്തരീകപരിവർത്തനത്തിനുള്ള ക്ഷണം അതിലില്ലെ? ഒന്നു പിന്തിരിഞ്ഞുനോക്കാൻ… ഒരു ആത്മശോധന നടത്തുവാൻ… പ്രാധാന്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ… വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ… ഉറവിടങ്ങളിലേക്ക് തിരിച്ചുപോകാൻ… പൊട്ടക്കിണറുകളിൽ ജലം അന്വേഷിക്കുന്നത് നിർത്തി, നീരുറവയിലേക്ക് തിരിച്ചുനടക്കാൻ ഒക്കെയുള്ളൊരു ക്ഷണം. ഇതെല്ലാം ഇന്നിന്റെ ദേവാലയ പുന:രുദ്ധാരണത്തിന്റെ ഭാഗമല്ലെ?
വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ മാധ്യസ്ഥവും മാതൃകയും നമുക്ക് സഹായകമാകട്ടെ…