ആണ്ടുവട്ടം 29-ാം ഞായര്‍
ഒന്നാം വായന : ഏശയ്യ 53 : 10-11
രണ്ടാംവായന : ഹെബ്ര. 4 : 14-16
സുവിശേഷം : വി. മര്‍ക്കോസ് 10 : 35-45
ദിവ്യബലിക്ക് ആമുഖം
അധികാരം, പദവി, സ്ഥാനമാനം എന്നീ വിഷയങ്ങളില്‍ വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും പ്രത്യേകിച്ച് സഭാ ജീവിതത്തിലും നാം എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ ഇടവും വലവുമായി, സുപ്രധാന സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന ശിഷ്യന്മാര്ക്ക് യേശു നല്കുന്ന മറുപടി നാമിന്ന് തിരുവചനത്തില്‍ ശ്രവിക്കുന്നു. ദൈവവചനം ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.
വചന പ്രഘോഷണം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,
ഏതൊരു കാര്യവും ലക്ഷ്യത്തിലേക്കടുക്കുമ്പോള്‍ ലക്ഷ്യവുമായി ബന്ധപ്പെട്ട സന്ദേഹങ്ങളും സംശയങ്ങളും സംശയ നിവാരണങ്ങളും കൂടും. ഇന്നത്തെ സുവിശേഷത്തില്‍ യേശു തന്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുളള മൂന്നാം പ്രവചനം കഴിഞ്ഞ് ശിഷ്യന്മാരൊടോപ്പം ജെറുസലേമിനെ സമീപിക്കുകയാണ്.
ജെറുസലേമില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും സംഭവിക്കുമെന്ന് ശിഷ്യന്മാര്ക്ക് മനസ്സിലായി. അതിനാല്‍ തന്നെ ജെറുസലേമിനെ സംഭവ വികാസങ്ങള്‍ക്കു ശേഷം അവര്‍ ആരായി തീരുമെന്നും എന്തു ലഭിക്കുമെന്നും അവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശുവിനെ ലഭിക്കുമ്പോള്‍ അവന്റെ മഹത്വത്തില്‍, അവന്റെ വലത്തും ഇടത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമെന്ന് സെബദി പുത്രന്മാര് ചോദിക്കുന്നത്.
യാക്കോബും യോഹന്നാനും സെബദിയുടെയും സലോമയുടെയും മക്കളായിരുന്നു. യേശുവിന്റെ ജീവിതത്തിലെ സുപ്രധാനമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ അവന് പത്രോസിനോടൊപ്പം തിരഞ്ഞെടുത്തത് യാക്കോബിനെയും യോഹന്നാനെയുമായിരുന്നു. ഇവരാണ് യേശുവിനോട് അധികാരവും ശക്തിയും പദവിയും സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കുന്നത്.
അതിനു മറുപടിയായി ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ, ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? എന്ന് യേശു ചോദിക്കുന്നു.
യേശു ഉദ്ദേശിച്ച പാനപാത്രവും സ്നാനവും അവന്റെ പീഡാസഹനവും കുരിശുമരണവുമാണ്. നിങ്ങള്‍ക്ക് കഴിയുമോ? എന്ന് ചോദിക്കുന്നതിന്റെ യഥാര്‍ഥ അര്‍ഥം സഹനത്തിന്റെയും കുരിശിന്റെയും സ്വയം പരിത്യജിക്കുന്നതിന്റെയും അര്‍ഥം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? എന്നാണ്. അതിവര്‍ക്ക് കഴിയുമെന്നവര്‍ ഉത്തരം നല്കുന്നു.
പില്ക്കാലത്ത് യാക്കോബ് വിജാതീയനായ ഭരണാധികാരിയായ ഹെറോദ് അഗ്രിപ്പ ഒന്നാമന്റെ ഭരണകാലത്ത് എഡി 41-നും 44 -നും ഇടയില്‍ രക്തസാക്ഷിത്വം വഹിച്ചു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 12:2). വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും യോഹന്നാന് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ട്രയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന് കീഴില്‍ രക്തസാക്ഷിത്വം വരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ അപ്പസ്തോലന്മാരും പില്ക്കാലത്ത് രക്തസാക്ഷിത്വം വരിച്ചു.
ജീവിതത്തില്‍ നാം സഹനങ്ങളുടെ പാനപാത്രം കുടിക്കുകയും പീഡനങ്ങളും അപമാനങ്ങളും സ്വീകരിക്കുമ്പോള്‍ നാമും യേശുവിന്റെ ചോദ്യത്തിന് “കഴിയും” എന്ന് ഉത്തരം നല്‍കുകയാണ്.
രണ്ട് ശിഷ്യന്മാരുടെ ചോദ്യം സ്വാഭാവികമായും ശിഷ്യ സമൂഹത്തില്‍ അസ്വസ്തതയുണ്ടാക്കി. ഇതു മനസ്സിലാക്കിയ യേശു തന്റെ ശിഷ്യന്മാരുടെ ഇടയില്‍ ഏതുതരത്തിലുളള അധികാരമാണുണ്ടാകേണ്ടതെന്നും അധികാരത്തെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും വ്യക്തമാക്കുന്നു. യഹൂദ ചിന്താഗതി അനുസരിച്ച് ദൈവം അയക്കുന്നവന്, മിശിഹ മറ്റുളളവര്‍ക്ക് മുകളിലായി സിംഹാസനത്തിലിരുന്ന് തന്റെ കീഴിലുളളവരെ വിധിക്കുന്നവനാണ്. എന്നാല്‍, യേശു വ്യക്തമായി പറയുന്നു: മനുഷ്യപുത്രന് വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന് അനേകര്‍ക്കു വേണ്ടി മോചന ദ്രവ്യമായി നല്കാനുമത്രേ.
നൂറ്റാണ്ടുകളായി ബാബിലോണിയന്റെ, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍ തുടങ്ങിയ ജാതീയ ഭരണാധികാരികളുടെ കീഴില്‍ ഞെരുക്കവും അടിമത്തവും അനുഭവിച്ച ഒരു ജനമനസ്സിനോട് യേശു പറയുന്നു: ‘എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്’. ഈ വാക്കുകളിലൂടെ വിജാതീയ ഭരണ സംവിധാനത്തിന്റെയും ക്രൈസ്തവ സേവന സംവിധാനത്തിന്റെയും അധികാരത്തിന്റെയും സേവനത്തിന്റെയും വ്യത്യാസം യേശു എടുത്തു പറയുന്നു.
നമ്മുടെ കാലഘട്ടത്തെ സഭയ്ക്കും സമൂഹത്തിനും ഈ തിരുവചനങ്ങളില്‍ നിന്നും ധാരാളം പഠിക്കുവാനുണ്ട്. നമ്മുടെ ഇടവകകളിലെ പ്രവര്‍ത്തനങ്ങളെ ശുശ്രൂഷാ അഥവാ സേവനം (ഉദാ. അജപാലന ശുശ്രൂഷ, സാമൂഹ്യ ശുശ്രൂഷ തുടങ്ങിയവ) എന്നാണ് പറയാറുളളത്. എന്നാല്‍ പലപ്പോഴും ഇടവകകളിലെ ചെറിയ സംഘടനകളില്‍ പോലും ഇത് അധികാരത്തിന്റെ പര്യായമായിപ്പോയില്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഈ ലോകം മുഴുവന്റെയും അധികാരിയായ യേശു അധികാരികളോടും അധികാര കേന്ദ്രങ്ങളോടും അകലം പാലിച്ചു, തന്റെ ജീവിതത്തിലൂടെ അധികാരത്തിനു സേവനമെന്ന് പേരു നല്കി. ആദ്യകാല ക്രൈസ്തവ കൂട്ടായ്മകളില്‍ നിലനിന്നിരുന്ന സമ്പത്തിന്റെയും കുടുംബമഹിമയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലുളള വിവേചനങ്ങള്‍ക്കും വ്യത്യാസങ്ങള്‍ക്കും അതിനെ തുടര്‍ന്നുളള അധികാര മേല്‍ക്കോയ്മയ്ക്കുമെതിരെയുളള മുന്നറിയിപ്പായ ഈ സുവിശേഷ ഭാഗം ഇന്നു നമ്മുടെ സമൂഹത്തിനും മുന്നറിയിപ്പ് നല്കുന്നു.
ഇന്ന് നമ്മോടും യേശു പറയുകയാണ്: എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്.
ആമേന്‍