ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ഡെലിഗേറ്റ്
ഒക്ടോബര്‍ 1 മുതലായിരിക്കും പ്രൊഫ. ബോനോമോ തന്‍റെ പുതിയ സേവനം ആരംഭിക്കുക.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനത്തിന്‍റെ കീഴില്‍ നടക്കുന്ന മിഷനറി, സുവിശേഷപ്രഘോഷണ സേവനങ്ങള്‍ക്കായുള്ള ആളുകളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട റോമിലെ ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഇറ്റലിക്കാരനായ പ്രൊഫ. വിന്‍ചെന്‍സൊ ബോനോമോയെ ഫ്രാന്‍സിസ് പാപ്പ ഡെലിഗേറ്റായി നിയമിച്ചു.
കാലത്തിന്‍റെയും, സഭയുടെയും ഇന്നത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്, മെച്ചപ്പെട്ട സേവനങ്ങളും പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുവേണ്ടിക്കൂടിയാണ് പുതിയ നിയമനം.
സര്‍വ്വകലാശാലയുടെ ഘടന പുനഃപരിശോധിക്കുന്നതിനും, വേരിത്താത്തിസ് ഗൗദിയും എന്ന അപ്പസ്തോലിക പ്രമാണമനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി ഗ്രാന്‍ഡ് ചാന്‍സലര്‍ ആവശ്യപ്പെട്ടതനുസരിച്ചുകൂടിയാണ് സെന്‍റ് ജോണ്‍സ് ലാറ്ററന്‍ സര്‍വ്വകലാശാല മുന്‍ റെക്ടറും, അന്താരാഷ്ട്രനിയമകാര്യങ്ങളില്‍ വിദഗ്ദനുമായ ബോനോമോയെ പാപ്പാ നിയമിച്ചത്.
പാപ്പായുടെ ഡെലഗേറ്റ് എന്നതിന് പുറമെ, യൂണിവേഴ്സിറ്റിയുടെ പുതിയ റെക്ടര്‍ എന്ന ചുമതലയും അദ്ദേഹത്തിന് ഉണ്ടാവും . ദൈവശാസ്ത്ര ഗവേഷണത്തിലും മറ്റ് വിഷയങ്ങളിലും ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റി കൂടുതല്‍ മെച്ചപ്പെട്ട സംഭാവനകള്‍, പുതിയ തലമുറകളുടെ കൂടുതല്‍ ഫലപ്രദമായ വിദ്യാഭ്യാസം, സഭയ്ക്കും സമകാലിക ലോകത്തിനും ഉത്തരം നല്‍കാന്‍ കഴിവുള്ള ആധികാരിക അധ്യാപനം എന്നിവ ഉറപ്പാക്കാനായാണ് അദ്ദേഹം നിയമിക്കപ്പെടുന്നതെന്ന് പാപ്പാ തന്‍റെ ഉത്തരവിലൂടെ അറിയിച്ചു.
ഒക്ടോബര്‍ 1 മുതലായിരിക്കും പ്രൊഫ. ബോനോമോ തന്‍റെ പുതിയ സേവനം ആരംഭിക്കുക.
യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് ചാന്‍സലര്‍, പ്രൊപ്പഗാന്താ ഫീദേ എന്നറിയപ്പെട്ടിരുന്ന, സുവിശേഷവത്കരണത്തിനായുള്ള റോമന്‍ ഡികാസ്റ്ററിയുടെ, പ്രഥമ സുവിശേഷവത്കരണത്തിനും, പുതിയ വ്യക്തിഗതസഭകള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിന്‍റെ അധികാരികള്‍ എന്നിവരുമായി യോജിച്ചും, കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാപ്പായുമായി നേരിട്ട് ബന്ധപ്പെട്ടുമായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.