ഉത്ഥിതന്റെ സഹയാത്രികർ…
യേശുവിന്റെ ഉത്ഥാനം ഒരു പുതിയ അനുഭവം നമുക്ക് നൽകുന്നുണ്ട്
നമ്മുടെ ദൈവം നമ്മോടൊപ്പം ആയിരിക്കുവാൻ -ഇമ്മാനുവേൽ- നമ്മോടൊപ്പം യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ദൈവമാണെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ആദത്തിനോടും, ഹവ്വായോടുമൊപ്പം ഏദൻതോട്ടത്തിൽ സന്ധ്യാസമയങ്ങളിൽ യാത്രചെയ്യുന്ന, സൗഹൃദം പങ്കിടുന്ന യഹോവയുടെ ഹൃദയഹാരിയായചിത്രം ഉൽപത്തി പുസ്തകത്തിൽ നാം കാണുന്നു. പുറപ്പാട് പുസ്തകത്തിൽ അനുനിമിഷം ഇസ്രായേൽ മക്കളോടൊപ്പം യാത്രചെയ്യുന്ന, അവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന ജീവൻ തുടിക്കുന്ന ചിത്രവും നമ്മുടെ കൺമുമ്പിലുണ്ട്. സത്യ ദൈവവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച്, ദൈവത്തിൽ നിന്ന് അകന്നുപോകുന്ന വ്യക്തികളേയും, സമൂഹത്തേയും അന്വേഷിച്ച് കണ്ടെത്തുന്ന ഊഷ്മളമായ രംഗങ്ങളും, സംഭവങ്ങളും നമുക്ക് പഴയനിയമത്തിൽ കാണാൻ കഴിയും. പുരോഹിതന്മാരിലൂടെ, പ്രവാചകന്മാരിലൂടെ, രാജാക്കന്മാരിലൂടെ, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൂടെ, നേതാക്കന്മാരിലൂടെ ഈ യാത്ര തുടരുകയാണ്. പുതിയനിയമത്തിലും യേശുവിലൂടെ ഈ അന്വേഷണവും, യാത്രയും ധാരമുറിയാതെ ദൈവം നടത്തുകയാണ്. നമ്മുടെ വേഷവും, ഭാഷയും, ഭക്ഷണവും പങ്കിട്ടുകൊണ്ട് നമ്മിൽ ഒരുവനായി യേശു മാറുമ്പോൾ, ദൈവത്തിന് ഒരു “മനുഷ്യമുഖം” ഉണ്ടെന്ന് ലോകത്തോട് അവിടുന്ന് വിളംബരം ചെയ്യുകയാണ്.
യേശുവിന്റെ രഹസ്യ ജീവിതകാലവും, പരസ്യ ജീവിതകാലവും മേൽപ്പറഞ്ഞ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള യേശുവിന്റെ യത്നമായിരുന്നു. സ്ഥലകാല സാഹചര്യങ്ങൾക്ക് അതീതമായി നമ്മോടൊപ്പം ആയിരിക്കുവാൻ അവിടുന്ന് ദിവ്യകാരുണ്യ നാഥനായി. യുഗാന്ത്യത്തോളം നമ്മോടൊപ്പമായിരിക്കുവാൻ യേശു ഉത്ഥിതനായി. ഉത്ഥാനം പ്രത്യാശയുടെ ഒരു പുതിയ ചക്രവാളം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നുണ്ട്. യുക്തിഭദ്രമായി ചിന്തിക്കുന്ന ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പരമസത്യവും, യാഥാർത്ഥ്യവുമാണ് ഉത്ഥാനം.
യേശുവിന്റെ ഉത്ഥാനം ഒരു പുതിയ അനുഭവം നമുക്ക് നൽകുന്നുണ്ട്. ഈ ജീവിതത്തിന്റെ ഇടതടവില്ലാത്ത തുടർച്ച അന്ത്യത്തോളം അഥവാ മരണാനന്തര ജീവിതത്തിലും തുടരണമെന്നും യേശു ആഗ്രഹിക്കുന്നു. ദുഷ്ടനെയും ശിഷ്ടനെയും വേർതിരിക്കുന്ന (വി. മത്തായി 25:31) അന്ത്യവിധിയുടെ അനിവാര്യത യേശു അർത്ഥശങ്കയ്ക്ക് ഇടവരാത്ത വിധം വ്യക്തമാക്കുന്നുണ്ട്. എന്റെ വാക്കുകൾ ആത്മാവും ജീവനുമാണ് (വി. യോഹന്നാൻ 6:63). നാം വചനം വായിക്കുകയും, ധ്യാനിക്കുകയും, തദനുസാരം ജീവിക്കുകയും ചെയ്യുമ്പോൾ നാം യേശുവിന്റെ സഹയാത്രികരായി മാറുകയാണ്. എന്റെ ശരീരം ഭക്ഷിക്കുകയും, രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ ഞാൻ നിത്യം ജീവിക്കുകയും, ചരിക്കുകയും ചെയ്യുമെന്ന് യേശു വ്യക്തമാക്കുന്നുണ്ട് (വി.യോഹന്നാൻ 6:25-69). യേശു തന്റെ ഉപമകളിലൂടെ, അന്യോപദേശങ്ങളിലൂടെ ദൈവത്തെ സ്നേഹിക്കുക എന്നത് സഹോദരങ്ങളെ സ്നേഹിക്കലാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട് (വി. മാർക്ക് 12:29).
പ്രിയരേ, യേശു ഉത്ഥാനം ചെയ്തു എന്ന് ലോകത്തോട് വിളിച്ചു പറയുവാൻ നാം യേശുവിന്റെ സഹയാത്രികരായി മാറണം. യേശുവിനോടൊപ്പമുള്ള യാത്ര പട്ടുമെത്തയിലൂടെയുള്ള യാത്രയല്ല എന്ന തിരിച്ചറിവ് നമുക്ക് സൂക്ഷിക്കാം. ഉത്ഥിതന്റെ പ്രകാശത്തിൽ നമുക്ക് നടക്കാം. പകലിന്റെ മക്കളാകാം.
ഉത്ഥാനദീപ്തി നമ്മുടെ ഹൃദയങ്ങളെ പ്രകാശ പൂരിതമാകട്ടെ. നമുക്കവിടുത്തെ സഹയാത്രികരാകാം!!!