Diocese

ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷവുമായി നെയ്യാറ്റിൻകര രൂപത

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെ മധ്യസ്ഥൻ

അനിൽ ജോസഫ്

നെയ്യാറ്റിൻകര: മെയ് 1-ന് നെയ്യാറ്റിൻകര രൂപത ഇരുപത്തിമൂന്നാമത് രൂപതാ ദിനാഘോഷം നടത്തി.
കത്തോലിക്കാ സഭയിൽ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവാണ് രൂപതയുടെയും മധ്യസ്ഥൻ. രൂപതാ പാസ്റ്ററൽ സെന്ററിൽ വച്ച് ലളിതമായ രീതിയിലായിരുന്നു രൂപതാ ദിനാഘോഷം. രൂപതയിലെ വിവിധ പ്രവർത്തന മേഖലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസും, പൊന്തിഫിക്കൽ ദിവ്യബലിയുമായിരുന്നു പ്രധാന പരിപാടികൾ.

തിരുവനന്തപുരം അതിരൂപതയുടെ “ജീവനും വെളിച്ചവും” മാസികയുടെ പത്രാധിപൻ റവ.ഡോ.തോമസ് നെറ്റോ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം കൊടുത്തു. രൂപതയിലെ വൈദീകർ, സിസ്റ്റേഴ്സ്, ബി.സി.സി.പ്രതിനിധികൾ, വിവിധ കമ്മീഷനുകളിൽ നിന്നുള്ള പ്രതിനിധികൾ, ഉപദേശിമാർ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.

തുടർന്ന്, അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ, കാർമൽഗിരി സെമിനാരി പ്രൊഫ.ഡോ.ഗ്രിഗറി ആർബി, മൈനർ സെമിനാരി റെക്ടർ റവ.ഡോ.റ്റി.ക്രിസ്തുദാസ് തുടങ്ങിയവർ സഹകാർമ്മികർമ്മികരായി.

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹം നീതിമാനായിരുന്നു എന്നാണെന്നും, ദൈവത്തിന്റെ നീതിയനുസരിച്ച് ജീവിച്ചതിനാലാണ് അദ്ദേഹത്തെ നീതിമാനാക്കി തീർത്തതെന്നും പിതാവ് പറഞ്ഞു. ദൈവത്തിന്റെ നീതി സ്നേഹവും കാരുണ്യവുമാണെന്നും, ഇത് എല്ലാവർക്കും തുല്യതയല്ല ഉദ്ദേശിക്കുന്നത് അതിലുപരി, ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് സത്യസന്ധതയോടെ അവർക്ക് നന്മകൾ ചെയ്തുകൊടുക്കുകയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

പൊന്തിഫിക്കൽ ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും, സന്യാസിനി പ്രതിനിധികളും, അൽമായ പ്രതിനിധികളുമടക്കം ധാരാളം പേർ പങ്കെടുത്തു.

രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷാസമതി തയ്യാറാക്കിയ പ്ലസ് ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കരിയർ ഗൈഡ് പുസ്തകം വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. അന്തിയൂർക്കോണം ഇടവകയിലെ കുമാരി അന്ന, ഉണ്ടൻകോട് ഇടവകയിലെ മാസ്റ്റർ ഷാരോൺ എന്നിവർ പുസ്തകം ഏറ്റു വാങ്ങി. തുടർന്ന്, രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് കരിയർ ഗൈഡൻസ് പുസ്തകം പരിചയപെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker