Articles

ഇന്ത്യ നേരിടുന്നത് ദേശഭക്തിയും ദേശസ്നേഹവും തമ്മിലുള്ള സംഘർഷം

ഒറ്റനോട്ടത്തിൽ ഇവ രണ്ടും ഒന്നാണ് എന്നു തോന്നും, പക്ഷേ രണ്ടും ആടും ആനയും പോലെ വ്യത്യസ്തമാണ്...

മാർട്ടിൻ ആന്റണി

എന്താണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നം? എനിക്കു തോന്നുന്നു അത് ദേശഭക്തിയും ദേശസ്നേഹവും തമ്മിലുള്ള സംഘർഷമാണെന്നാണ്. Nationalism എന്ന പദത്തിനെയാണ് മലയാളത്തിൽ ദേശഭക്തി എന്ന് പറയുക. Patriotism ആണ് ദേശസ്നേഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷ. ഒറ്റനോട്ടത്തിൽ ഇവ രണ്ടും ഒന്നാണ് എന്നു തോന്നും. പക്ഷേ രണ്ടും ആടും ആനയും പോലെ വ്യത്യസ്തമാണ്.

എന്താണ് ദേശഭക്തി അഥവാ nationalism?

1774 ൽ ജർമ്മൻ ചിന്തകനും കവിയുമായ Johann G. Herder ആണ് ആദ്യമായി nationalism എന്ന പദം ഉപയോഗിച്ചതെന്ന് രാഷ്ട്ര തത്വചിന്തയുടെ താളുകൾ മറിച്ചു നോക്കിയാൽ കാണാൻ സാധിക്കും. സ്വരാജ്യത്തെ പ്രതി മറ്റു രാജ്യങ്ങളെയും വ്യക്തികളെയും വെറുക്കുന്നവരെ നീതികരിക്കുന്നതിനു വേണ്ടിയാണ് ചിന്തകൻ nationalism എന്ന വാക്ക് ഉപയോഗിക്കുന്നത്.

ദേശഭക്തിക്ക് രണ്ടു പ്രത്യേകതകളുണ്ട്
1) വർഗ്ഗത്തിലും വർണ്ണത്തിലും മറ്റുള്ളവരെക്കാൾ അധീശത്വമുണ്ടെന്ന് ഭാവിക്കുക.
2) അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കുക.

ദേശഭക്തിക്കാർ വാദിക്കും അവരുടെ ഭാഷയാണ് ലോകത്തിലെ സുന്ദരമായ ഭാഷയെന്നും. അവരുടെ സംസ്കാരമാണ് ശുദ്ധമായ സംസ്കാരമെന്നും. ഇതെല്ലാം സ്ഥാപിക്കുന്നതിന് അവർ കണ്ടെത്തുന്ന ഏകമാർഗ്ഗം മറ്റു രാജ്യങ്ങളെയും മതങ്ങളെയും ഭാഷയെയും സംസ്കാരത്തെയും വെറുക്കുക എന്നതാണ്. നാഷണലിസം നിലനിൽക്കുന്നത് മറ്റുള്ളവരോടുള്ള വെറുപ്പിലാണ്. അതുകൊണ്ടുതന്നെ ദേശഭക്തിയുടെ ഭാഷയ്ക്ക് എപ്പോഴും ആക്രമണ സ്വഭാവമുണ്ടാകും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. RSS എന്ന മത-രാഷ്ട്രീയ സംഘടനയ്ക്ക് മതത്തിൽ അധിഷ്ഠിതമായ ഒരു നാഷണലിസം സൃഷ്ടിക്കുവാൻ സാധിച്ചെന്നതും അതിന്റെ ഭാഷയും സംസ്കാരവും ചിന്തയും താഴെത്തട്ടിലുള്ള നല്ലൊരു ശതമാനത്തിലേക്കും കുത്തി വയ്ക്കാൻ സാധിച്ചുവെന്നതുമാണ്.

ഇനി ലോക ചരിത്രത്തിന്റെ താളുകൾ ഒന്നു മറിച്ചു നോക്കുക. ജർമ്മനിയിൽ 1774-ൽ ആരംഭിച്ച ദേശഭക്തി എന്ന സങ്കല്പം അതിന്റെ പാരമ്യത്തിലെത്തിയത് ഹിറ്റ്ലർ നടത്തിയ കൂട്ടക്കുരുതിയിൽ ആയിരുന്നു. പക്ഷേ ഹിറ്റ്ലറിലേക്ക് എത്തുന്നതിനുമുൻപ് ദേശഭക്തിയുടെ പ്രവാചകന്മാരായി Luther, Fichte, Hegel, Wagner, Gobineau, Chamberlain, Nietzsche എന്നീ ദൈവശാസ്ത്രജ്ഞരും ചിന്തകരും എഴുത്തുകാരും ഉണ്ടായിരുന്നു എന്നോർക്കുമ്പോഴാണ് നമ്മുടെ നാട് കത്തുമ്പോഴും വായിൽ പഴം തിരുകി ഇരിക്കുന്ന നമ്മുടെ എഴുത്തുകാരും ദൈവശാസ്ത്രജ്ഞരും ചിന്തകരും സ്വന്തം വയറ്റിപ്പിഴപ്പിന്റെ ധർമ്മശാസ്ത്രം പ്രസംഗിക്കുന്നവരാണെന്ന് ഈയുള്ളവന് തോന്നി പോകുന്നത്.

എന്താണ് ദേശസ്നേഹം അഥവാ patriotism?

റൂസോയുടെ കൃതികളിലൂടെയാണ് പ്രധാനമായും ദേശസ്നേഹം അഥവാ patriotism എന്ന സങ്കല്പം പടർന്ന് പന്തലിക്കാൻ തുടങ്ങിയത്. രാജ്യം എന്നത് സ്വതന്ത്രമായ ഒരു റിപ്പബ്ലിക് ആണെന്നും അവിടെയുള്ള എല്ലാ പൗരന്മാർക്കും ഒരേ അവകാശവും ഉത്തരവാദിത്വവും ഉണ്ട് എന്ന വാദമാണ് ദേശസ്നേഹത്തിന്റെ അടിത്തറ. അതിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് മനുഷ്യന്റെ അന്തസ്സിനെ ഹനിക്കാത്ത രീതിയിലുള്ള സ്വതന്ത്ര രാഷ്ട്രീയവും സാമൂഹ്യനീതിയും. ഒരു കാര്യം അപ്പോൾ ഓർക്കണം. Patriotism എന്ന സങ്കല്പത്തിൽ രാജ്യം എന്നത് രാഷ്ട്രീയ സംവിധാനത്തിലെ ആദ്യ സ്ഥാപനം മാത്രമാണ്. പക്ഷേ നാഷണലിസത്തിൽ അങ്ങനെയല്ല. അതിൽ രാജ്യം ഒരു സൃഷ്ടിയാണ്. അതൊരു ജൈവിക സൃഷ്ടിയാണ്, അത് semi-biological ആണ്. അതുകൊണ്ടാണ് ദേശഭക്തിക്കാർ രാജ്യത്തിനെ ‘അമ്മ’, ‘അച്ഛൻ’ എന്നൊക്കെ വിളിക്കുന്നത്. ദേശ സ്നേഹത്തിൽ രാജ്യത്തോടുള്ള സ്നേഹം യുക്തിപൂർവ്വം ആകുമ്പോൾ, ദേശഭക്തിയിൽ ആ സ്നേഹം അന്ധവും വൈകാരികവും തീവ്രവുമായിരിക്കും.

ഗാന്ധിജിയും നമ്മുടെ സ്വതന്ത്രസമര സേനാനികളും വിഭാവനം ചെയ്തത് ദേശസ്നേഹമായിരുന്നു. യുക്തിപൂർവ്വം കാര്യങ്ങളെ കാണുന്നവർക്ക് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോട് കൂട്ടുകൂടുവാൻ സാധിക്കില്ല. അതുകൊണ്ടാണ് Patriotism ത്തിന്റെ വക്താക്കൾ സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ നിലപാട് patriotism ത്തിന്റെതാണ്. അദ്ദേഹം വെറുപ്പ് പ്രസംഗിക്കില്ല. കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പൈതൃകവും patriotism തന്നെയാണ്. പക്ഷേ ആ ദേശസ്നേഹത്തെ അവരുടെ ഭാഷയിലും സംസ്കാരത്തിലും ചിന്തയിലും നിലനിർത്താനും അത് വരും തലമുറയ്ക്ക് പകർന്നു കൊടുക്കാനും ഇന്നലെയുടെ ദിനങ്ങളിൽ പലർക്കും സാധിച്ചില്ല എന്നത് നഗ്നസത്യം തന്നെയാണ്. അതിന്റെ അനന്തരഫലമാണ് ദേശഭക്തി എന്ന പേരിൽ കുരങ്ങനു കിട്ടിയ പൂമാല പോലെ ഇന്ത്യ ഇപ്പോൾ പിച്ചിച്ചീന്തപ്പടുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker