ഇടവകകളിലെ കപ്യാർമാർക്കും ചെമ്മദോർമാർക്കും വരാപ്പുഴ അതിരൂപത ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപവീതം നൽകി
ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്...
അഡ്വ.ഷെറി ജെ.തോമസ്
കൊച്ചി: ഇടവകകളിലെ കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപവീതം നൽകി മാതൃകയാവുകയാണ് വരാപ്പുഴ അതിരൂപത. ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഈ സമയത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്രിസ്തീയ ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാരും.
ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിയുന്നത്. അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും വലിയ കഷ്ടത്തിലാണ്. വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ തീരുമാന പ്രകാരമാണ് ഈ ആശ്വാസ നടപടി.
അതുപോലെ തന്നെ ആർച്ച്ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതിരൂപതയിലെ ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോക് ഡൗൺ പശ്ചാലത്തിൽ അതിരൂപതയിലെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് 2 ആഴ്ച്ചയോളം പ്രഭാതഭക്ഷണം നൽകാൻ മുൻകൈ എടുത്തു. കൂടാതെ നഗരത്തിലെ പോലീസുകാർക്ക് പലദിവസങ്ങളിലും പഴവർഗ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. ഇടവകകളും സംഘടനകളും മുൻകൈ എടുത്തു മൂന്നരക്കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഇപ്പോഴും വിവിധ ഇടവകകളും സംഘടനകളും മുൻകൈയെടുത്തു തുടർപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഈ കൊറോണ കാലത്തു ഇന്ത്യയിൽ തന്നെ ആദ്യമായി സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു മാതൃകയായത് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയമാണ് അതിനു അവിടത്തെ വികാരിയച്ചനും കെ.എൽ.സി.എ. യും നേതൃത്വം നൽകിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ അതിരൂപതയിലെ കടവന്ത്ര സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയച്ചൻ, ഇടവകയിലെ എല്ലാ കുടുംബത്തിലെയും കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ക്ഷേമ-അന്വേഷണങ്ങൾ നടത്തിയതും ഒരു വ്യത്യസ്തമായ അനുഭവമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്.
എല്ലാറ്റിലുമുപരി, കേന്ദ്ര-സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ട് ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് അതിരൂപത നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു.