Kerala

ആലപ്പുഴ രൂപതയിൽ രോഗീദിനാചരണവും, രോഗീലേപന ശുശ്രൂഷയും

ലൂർദ് മാതാവിന്റെ തിരുനാൾ ദിനമാണ് തിരുസഭ രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിക്കുന്നത്...

ജോസ് മാർട്ടിൻ

അർത്തുങ്കൽ/ആലപ്പുഴ: ആഗോള കത്തോലിക്കാ സഭ രോഗീദിനമായി ആചരിക്കുന്ന ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 വൈകുന്നേരം, 5-30-ന് അർത്തുങ്കൽ ബസിലിക്കായിൽ ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും രോഗീലേപന ശുശ്രൂഷയും നടന്നു. അതേസമയം, ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ആലപ്പുഴ രൂപതാ മുൻ അധ്യക്ഷൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുകർമ്മങ്ങൾ.

ദൈവ വിശ്വാസിക്ക് ‘സഹനം’ വലിയ ഒരു ഇടർച്ചയാണ് ദൈവത്തിൽ വിശ്വസിക്കുക, ദൈവ കല്പനകൾ അനുസരിച്ച് ജീവിക്കുക, അവിടുന്ന് വാഗ്ദാനം നൽകിയിട്ടുള്ള സൗഭാഗ്യപൂർണ്ണമായ ഒരായുസ്സ് ലോകത്തിൽ പൂർത്തിയാക്കുക ഇതൊക്കെയാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇതൊക്കെ ലഭിക്കുമെന്നാണ് നമുക്ക് ദൈവം ഉറപ്പുനൽകുന്നതും. എന്നിട്ടുമെന്തേ ഏറെ പീഡകൾ സഹിക്കേണ്ടിവരുന്നു? ചിലപ്പോൾ രോഗവും, അതിനെ തുടർന്ന് സംഭവിച്ചേക്കാവുന്ന മരണവുമെല്ലാം വിശ്വാസത്തെ പിടിച്ചുകുലുക്കുന്ന നിമിഷങ്ങളുണ്ട് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ. മരണം, രോഗം ഇതെല്ലാം നമ്മുടെ മുൻപിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കാറുണ്ട്. ഈശോ സ്പർശിച്ച സുഖപ്പെടുത്തിയ നിരവധി സുവിശേഷ സംഭവങ്ങൾ വായിക്കുമ്പോൾ, കർത്താവിനെ സമീപിക്കുന്നവർക്കെല്ലാം രോഗശാന്തി ലഭിക്കുന്നുവെന്നത് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുവെന്നത് നമുക്ക് ആശ്വാസം പകരുന്നു. ഇന്നലെ നമ്മൾ വായിച്ചു കേട്ട സുവിശേഷ ഭാഗത്തിൽ കാണുന്നു: ‘അവനെ സ്പർശിച്ചവരെല്ലാം സൗഖ്യം പ്രാപിച്ചു’. ഇന്ന് ഈ രോഗിലേപന ശുശ്രൂഷയിൽ പങ്കുചേരുമ്പോൾ നമ്മൾ പ്രാർത്ഥിക്കുന്നതും, അഭിലഷിക്കുന്നതും അതുതന്നെയാണെന്ന് ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ഉദ്‌ബോധിപ്പിച്ചു.

മനുഷ്യൻ ഒരേസമയം ശരീരവും മനസ്സും ആത്മാവും കൂടി കലർന്നിട്ടുള്ള ഒരു അസ്തിത്വമാണ്.
അതുകൊണ്ട് നമ്മുടെ സംപൂർണമായ സൗഖ്യം എന്നുപറയുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സൗഖ്യമാണ്. ഈ പൂർണ സൗഖ്യത്തിലേക്കാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്. ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നാണ് സഭ രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിക്കുന്നതെന്നും പിതാവ് ഓർമ്മിപ്പിച്ചു. ബസിലിക്കാ റെക്റ്റർ ഫാ.ക്രിസ്റ്റഫർ അർഥശ്ശേരിയിൽ, സഹവികാരി ഫാ.ഗ്ലൺ, തുടങ്ങിയവർ സഹകാർമ്മികരായി.

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ആലപ്പുഴ രൂപതാ മുൻ അധ്യക്ഷൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മുഖ്യ കാർമീകത്വത്തിൽ സമൂഹ ദിവ്യബലിയും, രോഗീലേപന ശുശ്രൂഷയും നടന്നു. വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം, വികാരി ഫാ.സ്റ്റാൻലി പുളിമുട്ട്പറമ്പിൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ. ഇഗ്‌നേഷ്യസ്, ഫാ.സെബാസ്റ്റ്യൻ പുന്നക്കൽ തുടങ്ങിയവർ സഹകാർമ്മികരായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker