Diocese

‘ആരും സ്വത്ത് ചോദിച്ചിട്ടില്ല. സഭയ്ക്ക് സ്വത്ത് വേണ്ട’ ബാലരാമപുരം ഇടവകയോട് പയസച്ചന്‍

'ആരും സ്വത്ത് ചോദിച്ചിട്ടില്ല. സഭയ്ക്ക് സ്വത്ത് വേണ്ട' ബാലരാമപുരം ഇടവകയോട് പയസച്ചന്‍

വോക്സ് ന്യൂസ് ഡസ്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ആരും നിങ്ങളോട് സ്വത്ത് ചോദിച്ചിട്ടില്ല. സഭയ്ക്ക് സ്വത്ത് വേണ്ട എന്ന് ബാലരാമപുരം ഇടവകയോട് തിരുവന്തപുരം അതിരൂപതയിലെ ഫാ.പയസ് പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയിലെ വൈദീകരെ ബാലരാമപുരത്ത് സേവനം ചെയ്യുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അഭിവന്ദ്യ വിന്‍സെന്‍റ് സാമുവല്‍ പിതാവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ അഭിവന്ദ്യ സൂസൈപാക്യം പിതാവിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ നടന്ന സംസ്ക്കാരശുശ്രൂഷയ്ക്ക് എത്തിയതായിരുന്നു ഫാ.പയസ്.

നെയ്യാറ്റിന്‍കര രൂപത സ്വത്ത് ചോദിക്കുന്നുവെന്ന് ഇടവകയിലെ ചിലര്‍ പറഞ്ഞപ്പോള്‍ അച്ചന്‍ ഭാഗത്തു നിന്നുമുണ്ടായത് ശക്തമായ വിമര്‍ശനം. പയസച്ചന്‍റെ വാക്കുകള്‍ ഇങ്ങനെ: ആരും സ്വത്ത് ചോദിച്ചിട്ടില്ല. സഭയ്ക്ക് സ്വത്ത് വേണ്ട. രൂപത ചോദിച്ചത്; കാനന്‍ നിയമമനുസരിച്ചുള്ള സംവിധാനങ്ങളും ഒരു വൈദികന് സ്വതന്ത്രമായി പ്രവൃത്തിക്കുവാനുള്ള അവകാശവും ഒരുക്കുക എന്നതാണ് . കാനോന്‍ നിയമം പറയുന്ന സംവിധാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക. ഇടവകയായാല്‍ അതിന് വികാരി ഉണ്ടാകണം, അദ്ദേഹത്തിന് കീഴില്‍ ആകണം പള്ളി. അതില്‍ പാരിഷ് കൗണ്‍സിലും, ഫിനാന്‍സ് കൗണ്‍സിലും ഉണ്ടാകണം. ബി.സി.സി.കളില്‍ തെരെഞ്ഞെടുപ്പ് നടക്കണം.

ബാലരാമപുരത്ത് നടന്ന വിശുദ്ധ കുര്ബാനയുടെയും, തിരുപ്പട്ട കൂദാശയുടെയും അവഹേളനത്തെ അച്ചന്‍ ശക്തമായി വിമര്‍ശിച്ചു. നിങ്ങള്‍ക്കുവേണ്ടി ഇവിടെ തിരുനാള്‍ ദിനങ്ങളില്‍ ബലിയര്‍പ്പിച്ച വ്യക്തി സഭയില്‍ നിന്ന് പരിശുദ്ധപിതാവ് പുറത്തക്കിയ വ്യക്തിയാണ്. അയാള്‍ വൈദികനല്ല. ദിവ്യകാരുണ്യത്തിന്‍റെ വലിയ അവഹേളനമാണ് ഇവിടെ നടന്നത്. അറിഞ്ഞുകൊണ്ട് പാപം ചെയ്യരുത്. നിങ്ങള്‍ തോല്പിച്ചത് രൂപതയേയോ സഭയെയോ അല്ല, നിങ്ങള്‍ തോല്പിച്ചത് ദൈവത്തെയും വിശുദ്ധ സെബസ്ത്യാനോസിനെയുമാണെന്ന് അവരെ ഓര്‍മ്മിപ്പിച്ചു.

കൂടാതെ, ഏലിയാ പ്രവാചകന്‍റെ ചോദ്യം ഉന്നയിച്ചുകൊണ്ട് അവരുടെ തെറ്റ് മനസിലാക്കിക്കൊടുക്കുവാന്‍ അച്ചന്‍ ശ്രമിച്ചു; ‘നിങ്ങള്‍ രണ്ടു വഞ്ചിയില്‍ എത്രനാള്‍ കാലുവച്ചു നില്‍ക്കും’ അതുമാത്രമേ നിങ്ങളോടും ചോദിക്കുന്നുള്ളൂ. യഹോവയാണ് സര്‍വശക്തനായ ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോവുക, അതല്ല ബാലാണ് ദൈവമെങ്കില്‍ അതിന്‍റെ പിന്നാലെ പോവുക. ‘ആരാണ് ഒരു ക്രിസ്ത്യാനി’ എന്ന ചോദ്യത്തിന് ബെനഡിക്ട് പാപ്പാ പറയുന്ന ഉത്തരം ഇങ്ങനെയാണ് ‘ഒരു ക്രിസ്ത്യാനി എന്നാല്‍ ഒന്നുകില്‍ ക്രിസ്തുവിനോട് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ ക്രിസ്തുവിന് എതിരായി നില്‍ക്കുക’.

അതിനിടയില്‍ ഒരാള്‍ ജാതീയമായ പ്രയോഗം നടത്താനും മുതിര്‍ന്നു. അപ്പോള്‍ അച്ചന്‍റെ മറുപടി ഇങ്ങനെ: ‘ഞാനും ഒരു മുക്കുവനാണ് കടപ്പുറത്ത് താമസിക്കുന്ന മുക്കുവന്‍. നിങ്ങള്‍ കരയിലാണ് താമസിക്കുന്നത്’. പത്രോസിന്‍റെ പിന്‍ഗാമികള്‍. ആരാണ് പത്രോസ്? കുറെയധികം ശിഷ്യന്മാര്‍ യേശുവിനെ വിട്ടുപോകുന്നത് കണ്ടപ്പോള്‍, യേശു ശിഷ്യന്മാരോട് ചോദിക്കുന്നുണ്ട്; നിങ്ങള്‍ പോകുന്നില്ലേ? അപ്പോള്‍ പത്രോസിന്‍റെ മറുപടി ഇങ്ങനെ: കര്‍ത്തവേ ഞങ്ങള്‍ ആരുടെ പക്കല്‍ പോകും, നിത്യ രക്ഷയുടെ വചസുകള്‍ അങ്ങയുടെ പക്കലാണല്ലോ എന്നുപറഞ്ഞു യേശുവിനോടൊപ്പം നിന്ന വ്യക്തി.

അച്ചന്‍ പറഞ്ഞ സൂസൈപാക്യം പിതാവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘ഇനിയും സഭാ നിയമങ്ങള്‍ പാലിച്ചുള്ള സംവിധാങ്ങളോടൊപ്പം പോകാന്‍ സാധിക്കുന്നില്ലെങ്കില്‍, സഭാ വിരുദ്ധതയുമായി ഒരു കൂട്ടം ആള്‍ക്കാര്‍ എന്തെങ്കിലുമൊക്കെ പ്രതിരോധവുമായി വന്നാലും ഇനി സഭയുടെ സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയില്ല. ബാലരാമപുരം ഇടവകയില്‍ സഭയെ സ്നേഹിക്കുന്ന വലിയൊരു കൂട്ടം വിശ്വാസികളുണ്ട്, സഭയുടെ ശുശ്രൂഷ ആവശ്യമുള്ള ഒരു കൂട്ടം വിശ്വാസികളുണ്ട്, കൂദാശകളെ പവിത്രമായി കാണുന്ന ഒരു കൂട്ടം വിശ്വാസികളുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ സഭ ഒരിക്കലും കണ്ണടയ്ക്കില്ല’.

ഓപ്പണ്‍ ചര്‍ച്ചിനെയും അച്ചന്‍ നിശിദമായി വിമര്‍ശിച്ചു: സഭയെ താറടിക്കുവാനായി, സഭയില്‍ നിന്നും പിരിഞ്ഞുപോയ, മറുതലിച്ചുപോയ, സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ ഒരു സംഘടന. പത്രത്തില്‍ പരസ്യം, വൈദികരെ ആവശ്യമുണ്ട്. ഒരുപക്ഷെ നമ്മുടെ രൂപതകളില്‍ വൈദികര്‍ ബിഷപ്പുമാരോട് പിണങ്ങി നിന്നുവെന്നുവരാം എന്നാല്‍ ഇങ്ങനെ ആരും ചെയ്യില്ല. ഇവിടെ വന്ന വൈദികന്‍ പുറത്താക്കപ്പെട്ടതിനു ശേഷം നല്‍കിയ തുക പോരാ ഇനിയും വേണം എന്നുപറഞ്ഞുകൊണ്ട് ബിഷപ്പുമാരെ സമീപിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ വൈദികനല്ല, അല്മായനാണ്. നിങ്ങള്‍ ചെയ്തത് വലിയ പാതകമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker