ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണങ്ങൾ പുന:പരിശോധിക്കണം; കെ.സി.ബി.സി.
ഞായറാഴ്ചകളിൽ മാത്രമുള്ള നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ് - കർദിനാൾ ജോർജ് ആലഞ്ചേരി...
ജോസ് മാർട്ടിൻ
കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ ആരാധനകളിൽ വിശ്വാസികൾ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസ്താവന. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും, ആയതിനാൽ, സർക്കാർ വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസ്താവനയിൽ കഴമ്പുണ്ടെന്നതിൽ സംശയമില്ല. കാരണം, ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവരുടെ മാത്രം ആരാധനാദിനമായ ഞായറാഴ്ച മാത്രമേ കൊറോണയും ഒമിക്രോണും സമൂഹത്തിൽ വ്യാപിക്കുകയുള്ളൂ എന്നമാതിരിയുള്ള ഈ നിയന്ത്രണത്തിലെ ഇരട്ടത്താപ്പ് വിരൽ ചൂണ്ടുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് സർക്കാരിനുള്ള പകയുടെ തലത്തേയ്ക്കുകൂടിയാണ്.