ഫാ.ജോഷി മയ്യാറ്റിൽ
എന്താണ് ആമസോൺ സിനഡ്?
ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ മേഖലയിലെ റോമൻ കാത്തോലിക്ക ബിഷപ്പുമാർ പാപ്പായുടെ അധ്യക്ഷതയിൽ കൂടാൻ പോകുന്ന ഒരു പ്രാദേശിക സൂനഹദോസാണ് ആമസോൺ സിനഡ്. ഒക്ടോബർ 6 മുതൽ 28 വരെ റോമിൽ വച്ചാണ് ഇത് നടക്കുന്നത്.
എന്താണ് “Instrumentum Laboris Amazonia”?
ആമസോൺ സിനഡിലെ ചർച്ചകൾക്ക് സഹായകമാകാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരുക്കരേഖയാണ് “Amazonia”. സിനഡിനു വേണ്ടിയുള്ള സെക്രട്ടറിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
എന്താണ് പരക്കെയുള്ള ആശങ്കകൾ?
പ്രവർത്തനരേഖയിൽ ദൈവശാസ്ത്രപരമായ തെറ്റുകളും പാഷാണ്ഡതകളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രചരിപ്പിക്കപ്പെടുന്ന ആശങ്ക.
ആശങ്കയിൽ ഭയപ്പെടാൻ എന്തെങ്കിലുമുണ്ടോ?
വ്യത്യസ്തവും വൈരുധ്യങ്ങൾ നിറഞ്ഞതുമായ ദൈവശാസ്ത്ര അഭിപ്രായങ്ങൾ സുനഹദോസുകളിൽ ചർച്ച ആകാറുണ്ട്. അത്തരം ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പഠനങ്ങൾക്ക് പാപ്പയുടെ നേതൃത്വത്തിലുള്ള സൂന്നഹദോസ് അംഗീകാരം നൽകുമ്പോഴാണ് അത് സഭയുടെ പ്രബോധനം ആകുന്നത്. സിനഡിനു ശേഷം പാപ്പ പുറപ്പെടുവിക്കുന്ന സിനഡാനന്തര അപ്പസ്തോലിക ആഹ്വാനമായിരിക്കും പ്രബോധനപരമായ ഔദ്യോഗിക രേഖ. അതു മാത്രമായിരിക്കും സഭാപ്രബോധനം; പ്രവർത്തന രേഖയ്ക്ക് യാതൊരു നിയമസാധുതയും ഉണ്ടാകില്ല.
വിവാഹിതരുടെ പൗരോഹിത്യത്തെ കുറിച്ച് പ്രവർത്തന രേഖയിൽ എന്താണ് പറയുന്നത്?
ആമസോൺ മേഖലയിലെ പുരോഹിതരുടെ രൂക്ഷ ക്ഷാമത്തിന് പരിഹാരമെന്നോണം വിവാഹിതരായവർക്ക് പൗരോഹിത്യം അനുവദിക്കാനുള്ള നിയമ ഭേദഗതി ചർച്ച ചെയ്യുവാൻ പ്രവർത്തനരേഖ നിർദ്ദേശിക്കുന്നുണ്ട്. പുരോഹിതരുടെ ബ്രഹ്മചര്യം കാനോൻ നിയമപ്രകാരം പുരോഹിതർ തങ്ങളുടെ ബിഷപ്പിന് മുമ്പാകെ നൽകുന്ന ഒരു വാഗ്ദാനമാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്താനൊ ഒരു പ്രത്യേക സാഹചര്യത്തിൽ അതിന് ഇളവു നൽകാനൊ പാപ്പയ്ക്ക് അധികാരമുണ്ട്. അതിനാൽ സിനഡിൽ പാപ്പ നിയമ ഭേദഗതി വരുത്തിയാൽ പോലും ഇതിൽ ദൈവശാസ്ത്രപരമായ തെറ്റുകളോ പാഷാണ്ഡതകളൊ ഉണ്ടാകില്ല. എന്നാൽ, വിവാഹിതരായവരുടെ പൗരോഹിത്യം പ്രവർത്തനരേഖയിലെ ഒരു നിർദ്ദേശം മാത്രമാണെന്നും ഇത് സിനഡിലെ പ്രധാന ചർച്ചാവിഷയം അല്ലെന്നും “La Stampa” എന്ന ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പാപ്പ വ്യക്തമാക്കുകയുണ്ടായി.
സാംസ്കാരിക അനുരൂപണങ്ങളെ പ്രവർത്തനരേഖ എങ്ങനെ നോക്കി കാണുന്നു?
ആമസോൺ മേഖലയിലെ ജനവിഭാഗങ്ങളിലെ ഗോത്രമതവിഭാഗങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും ഉൾക്കൊണ്ട് സാംസ്കാരിക അനുരൂപണത്തിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ചർച്ച ചെയ്യാൻ സിനഡ് ആഗ്രഹിക്കുന്നു. സാംസ്കാരിക അനുരൂപണങ്ങളിലൂടെയും രൂപാന്തരപ്പെട്ട് വന്നതാണ് കത്തോലിക്ക സഭയിലെ വിവിധങ്ങളായ ആരാധനാക്രമങ്ങളും മതാനുഷ്ഠാനങ്ങളും. പശ്ചാത്യ സഭയുടെ ഇപ്പോഴത്തെ ശൈലികളെ ആദ്യമ സഭാസമൂഹളുടെ രീതികളുമായി താരതമ്യം ചെയ്താൽ തീർത്തും വൈദേശികമായി തോന്നിയേക്കാം. അതെ തോന്നലുകൾ മാത്രമാണ് പശ്ചാത്യ സഭയ്ക്ക് ആമസോൺ സിനഡിന്റെ സാംസ്കാരിക അനുരൂപണത്തോടുള്ള തുറവിയിൽ ആശങ്കകളായി പ്രകടമായതും!
പ്രകൃതിയെ കുറിച്ച് പ്രവർത്തനരേഖ എന്താണ് പറയുന്നത്?
അതിസങ്കീർണമായ ജൈവവൈവിധ്യം നിറഞ്ഞ ആമസോൺ മേഖല ദൈവിക വെളിപാടിന്റെ ഉറവിടമാണെന്ന് പ്രവർത്തനരേഖ പറയുന്നു. സാർവത്രികമായ ദൈവിക വെളിപാടുകൾ ആമസോൺ മേഖലയിൽ മാത്രമല്ല പ്രപഞ്ചം മുഴുവനിലും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. സവിശേഷ വെളിപാടുകൾ അപ്രാപ്യമായിരിക്കുന്ന മനുഷ്യർ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുന്നത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാർവത്രിക ദൈവിക വെളിപാടുകൾ നൽകുന്ന വെളിച്ചത്തിലാണ് (Cf. CCC 50). സാർവത്രിക വെളിപാടുകളിലൂടെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വവ്യാപിയായ ദൈവത്തെ ദർശിക്കുന്നത് ബ്രഹ്മവാദമായി തെറ്റിദ്ധരിച്ചവരാണ് ആശങ്കപ്പെടുന്നത്.
പരിസ്ഥിതി വാദത്തെ കുറിച്ച് എന്താണ് പ്രവർത്തനരേഖ പറയുന്നത്?
പരിസ്ഥിതി ദൈവത്തിന്റെ സൃഷ്ടിയാണെന്നും അതിനെ അംഗീകരിക്കുന്നവർ സൃഷ്ടാവായ ദൈവത്തെ തന്നെയാണ് അംഗീകരിക്കുന്നതെന്നും രേഖ പറയുന്നു. ആമസോൺ മേഖലയിലെ വ്യത്യസ്ത മതവിഭാഗങ്ങളിലെ ദേവ സങ്കല്പങ്ങൾ പരിസ്ഥിതിയിൽ ഉണ്ടെന്നു പറയുമ്പോൾ രേഖയിൽ അതിഭാവുകത്വം നിറഞ്ഞുനിൽക്കുന്നുണ്ട്. മനുഷ്യൻ സൃഷ്ടിയുടെ മകുടം ആയിരിക്കെ തന്നെ ഏതെങ്കിലും വ്യക്തികളുടെയൊ സമൂഹത്തിന്റെയൊ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നത് തിന്മയാണെന്ന് മാത്രമല്ല, അത് മനുഷ്യൻ എന്നതിന്റെ അർത്ഥതലങ്ങളെ നീയും-ഞാനും മാത്രമാക്കി ചുരുക്കുകയും ചെയ്യുന്നു. ഈ അർത്ഥം ഗ്രഹിക്കാത്തവരാണ് സൃഷ്ടവസ്തുക്കളിലുള്ള മനുഷ്യന്റെ സ്ഥാനത്തെ കുറിച്ച് രേഖയിൽ തെറ്റുണ്ടെന്ന് ആശങ്കപ്പെടുന്നത്.
സിനഡിനു വേണ്ടി പ്രാർത്ഥനയജ്ഞങ്ങൾ ആഹ്വാനം ചെയ്യപ്പെട്ടതെന്തിനാണ്?
പ്രവർത്തനരേഖയിൽ വലിയതോതിൽ തെറ്റുകൾ ഉണ്ടെന്ന ആശങ്കയിലാണ് സിനഡിനു വേണ്ടി നല്ല ഉദ്ദേശത്തിൽ പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് ക്യാപയിനുകൾ കാണപ്പെട്ടത്. പ്രവർത്തനരേഖയിൽ തെറ്റുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ രേഖയ്ക്ക് യാതൊരു നിയമ സാധുതയുമില്ല. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ തന്റെ സവിശേഷമായ അധികാരമുപയോഗിച്ച് വിശ്വാസത്തെയും ധാർമികതയെയും കുറിച്ച് പഠിപ്പിക്കുമ്പോൾ പാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ട്. എന്നിരുന്നാലും സിനഡിന്റെ വിജയത്തിനും പിതാക്കന്മാർക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നത് നല്ലതാണ്.