Sunday Homilies

“അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍”.

"അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍".

ആണ്ടുവട്ടം രണ്ടാം ഞായര്‍ (C)

ഒന്നാം വായന : ഏശ. 62:1-5
രണ്ടാംവായന : 1 കൊറി. 12:4-11
സുവിശേഷം : വി. യോഹ. 2:1-11

ദിവ്യബലിക്ക് ആമുഖം

“ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവര്‍ത്തികളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ”. തുടങ്ങിയ കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും തിരുവചനങ്ങളോടെയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. കാനായിലെ വിവാഹ വിരുന്നില്‍ ആദ്യ അത്ഭുതം പ്രവര്‍ത്തിച്ചുകൊണ്ട്, മനുഷ്യന്‍റെ സാധാരണ ജീവിതത്തില്‍ ഇടപെട്ടുകൊണ്ട്, മനുഷ്യന്‍റെ ദുഃഖത്തെ വലിയ സന്തോഷമാക്കി മാറ്റുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നു. യേശുവിന്‍റെ തിരുവചനങ്ങള്‍ ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

കാനായിലെ അത്ഭുതത്തെ വി. യോഹന്നാന്‍ സുവിശേഷകന്‍ ‘അടയാളങ്ങളുടെ ആരംഭ’മെന്ന് വിശേഷിപ്പിക്കുന്നു. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഏഴ് അടയാളങ്ങളെക്കുറിച്ച് പറയുന്നു. അതില്‍ ആദ്യത്തെ അടയാളമാണ് കാനായിലെ വിവാഹവിരുന്നിലെ അത്ഭുതം. അടയാളങ്ങള്‍ അത്ഭുതങ്ങള്‍പോലെ അതില്‍ തന്നെ പരിപൂര്‍ണ്ണമായ ഒന്നല്ല മറിച്ച്, അടയാളങ്ങള്‍ അതിനെക്കാളും വലിയൊരു യാഥാര്‍ഥ്യത്തെ നമുക്ക് ചൂണ്ടിക്കാണിച്ച് തരുന്നു. പഴയ വെളളമാകുന്ന യഹൂദ നിയമങ്ങള്‍, പുതിയ വീഞ്ഞായ സുവിശേഷമായി മാറുന്നത് നമുക്കു പരിചയപ്പെടുത്തി തരുന്നു. കാനായിലെ അത്ഭുതം യേശുവിന്‍റെ ശക്തിയെയും അവന്‍റെ രാജ്യത്തിലെ സന്തോഷത്തെയും നമുക്കു കാണിച്ചുതരുന്നു. അവയിലൂടെ യേശുവില്‍ വിശ്വസിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ഈ അടയാളം കണ്ട ശിഷ്യന്മാരും അവനില്‍ വിശ്വസിച്ചു (യോഹ. 2:11).

“അവര്‍ക്കു വീഞ്ഞില്ല” ഈ വാക്യത്തിലൂടെ ഏറ്റവും ആഹ്ളാദകരമായ ഒരു വിവാഹസത്കാരത്തിനു വന്നുഭവിക്കുന്ന ഏറ്റവും നിര്‍ഭാഗ്യകരമായ ദുരഅവസ്ഥയെ പരിശുദ്ധ മറിയം വ്യക്തമാക്കുന്നു. നമുക്ക് മാതൃകയാക്കേണ്ട കുറെ കാര്യങ്ങള്‍ നമുക്ക് പരിശുദ്ധ അമ്മയില്‍ നിന്ന് പഠിക്കാം. വീഞ്ഞ് തീര്‍ന്ന അവരുടെ അവസ്ഥയില്‍ മറിയം അവരെ വിമര്‍ശിക്കുന്നില്ല, ശരിയായ തയ്യാറെടുപ്പില്ലാത്ത വിവാഹ സത്കാരം സംഘടിപ്പിച്ചവരെ കുറ്റപ്പെടുത്തുന്നില്ല, ആ നവ ദമ്പതികള്‍ക്ക് വന്ന നിര്‍ഭാഗ്യത്തെ മറ്റുളളവരോടു പറഞ്ഞു ചിരിക്കുന്നില്ല. ഇത് എന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് പറഞ്ഞ് തന്‍റെതുമാത്രമായ ഒരു ലോകത്തിലേക്ക് ഒതുങ്ങിക്കൂടുന്നില്ല. മറിച്ച് തന്‍റെ മകന്‍ ആരാണെന്നും അവന്‍റെ ശക്തി എന്താണെന്നും പൂര്‍ണമായ അറിവുളള ഒരമ്മ എന്ന നിലയില്‍ യേശുവിനോടു അവള്‍ ഈ പ്രശ്നം അവതരിപ്പിക്കുന്നു. “അവര്‍ക്ക് വീഞ്ഞില്ല” ഇതൊരു പ്രാര്‍ഥനയാണ്. മറിയം ആ നവദമ്പതികള്‍ പോലും അറിയാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു. “നന്മനിറഞ്ഞ മറിയമേ” എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോഴൊക്കെ നാമും “നമുക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ” എന്ന് പരിശുദ്ധ മറിയത്തോട് പറയുന്നുണ്ട്.

വിവാഹ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നുപോകുന്ന അവസ്ഥയ്ക്ക് തുല്യമായ ജീവിതാനുഭവം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ട്. വീഞ്ഞ് സന്തോഷത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും അടയാളമാണ്. പ്രത്യേകിച്ചും പാലസ്തീനായിലെ യേശുവിന്‍റെ കാലത്തെ വിവാഹവിരുന്നുസത്കാരങ്ങളില്‍ വീഞ്ഞ് തീരുന്ന അവസ്ഥ സൃഷ്ടിക്കുന്നത് സന്താപത്തിന്‍റെയും അപമാനത്തിന്‍റെയും സാഹചര്യമാണ്. നമ്മുടെ ഭവനങ്ങളിലും പലപ്പോഴും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വീഞ്ഞ് തീരുന്ന അവസ്ഥയുണ്ട്. വിവാഹ ജീവിതത്തില്‍ ദമ്പതിമാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും സ്നേഹത്തിന്‍റെ “വീഞ്ഞ് തീരുന്ന” അവസ്ഥയുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന “വീഞ്ഞ് തീര്‍ന്ന” അവസ്ഥയുണ്ട്. തൊഴിലില്ലായ്മയും രോഗവും പ്രയാസങ്ങളും ജീവിതത്തെ പിടിമുറുക്കുന്ന “വീഞ്ഞ് തീര്‍ന്ന” അവസ്ഥ നമ്മുടെ ജീവിതത്തിലുമുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് പരിശുദ്ധ അമ്മയെ ക്ഷണിക്കുകയാണെങ്കില്‍, അവള്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ “വീഞ്ഞ് തീര്‍ന്ന” അവസ്ഥയെ ദൈവതിരുമുമ്പില്‍ ഉണര്‍ത്തിക്കും.

“സ്ത്രീയേ, എനിക്കും നിനക്കും എന്ത് ? എന്‍റെ സമയം ഇനിയും ആയിട്ടില്ല” എന്ന യേശുവിന്‍റെ മറുപടിയില്‍, “സമയം” എന്ന വാക്കിന് യോഹന്നാന്‍റെ സുവിശേഷത്തില്‍ “മരണം” അഥവാ “എന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും സമയം” ഇനിയും ആയിട്ടില്ലാ എന്നാണ് അര്‍ഥം. എന്നാല്‍, തന്‍റെ അമ്മയുടെ പ്രാര്‍ത്ഥനക്കു മറുപടിയായി യേശുതന്‍റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്നു. അതായത് യേശുവിന്‍റെ “സമയത്തില്‍” പരിശുദ്ധ അമ്മ തന്‍റെ ഇടപെടലിലൂടെ ഒരു സ്വാധീനം ചെലുത്തുന്നുണ്ട്. ദൈവത്തിന് നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കേണ്ട സമയത്തില്‍ പരിശുദ്ധ മറിയത്തിന് തന്‍റെ അപേക്ഷ വഴി സ്വാധീനം ചെലുത്താനാകും.

പരിശുദ്ധ അമ്മ പരിചാരകരോട് പറഞ്ഞു; “അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍”. ദൈവീക പദ്ധതിയില്‍ നമ്മുടെ ജീവിതത്തിലും നിറവേറുവാന്‍ പരിശുദ്ധ മറിയം ഇന്ന് നമ്മോടും പറയുന്നത് ഈ വാക്കുകൾ തന്നെയാണ്: അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍. യേശുവാകട്ടെ അവിടെയുളള കല്‍ഭരണികളില്‍ വെളളം നിറയ്ക്കാന്‍ ആവശ്യപ്പെടുന്നു. പരിചാരകരാകട്ടെ അവയെല്ലാം വക്കോളം നിറച്ചു (യോഹ. 2:7). വളരെ സാധാരണമെന്ന് തോന്നിക്കാവുന്ന ഈ വാക്യം നമ്മുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. അത്ഭുതങ്ങള്‍ക്കു മുമ്പ് കല്‍ഭരണികളില്‍ വെളളം നിറയ്ക്കേണ്ടത് നമ്മുടെ കടമയാണ്. അതുവക്കോളം നിറയ്ക്കണം. വെളളം ഒട്ടും കുറയ്ക്കേണ്ട ആവശ്യമില്ല, അതോടൊപ്പം ഭാവിയില്‍ ഉപയോഗ ശൂന്യമാകുന്ന രീതിയില്‍ വക്ക് നിറഞ്ഞ് കവിഞ്ഞ് വെളളം ഒഴിക്കേണ്ട കാര്യമില്ല. ഓരോരുത്തരും തങ്ങളുടെ ജീവിതത്തിന്‍റെ കല്‍ഭരണികളില്‍ വെളളം നിറയ്ക്കുക. വെളളം നിറയ്ക്കുക മാത്രമാണ് നമ്മുടെ കടമ. വീഞ്ഞാക്കി മാറ്റുന്നത് യേശുവാണ്. അതിന്‍റെയര്‍ത്,ഥം ജീവിതത്തിലെ വ്യത്യസ്ത മേഖലകളിലും റോളുകളിലും നാം അനാവശ്യമായവ ചെയ്യേണ്ട കാര്യവുമില്ല, അതുപോലെ തന്നെ തീരെ കുറച്ചു ചെയ്യേണ്ട കാര്യവുമില്ല. കല്‍ഭരണിയുടെ വക്കുവരെ വെളളം നിറച്ച്, അതായത് നമുക്ക് സാദ്ധ്യമായത് നമുക്കു ചെയ്യാം. ബാക്കി യേശു ചെയ്തുകൊളളും.

വെറും വെളളമാക്കുന്ന നമ്മുടെ ജീവിതത്തെ യേശു ഏറ്റവും മേല്‍ത്തരം വീഞ്ഞാക്കി മാറ്റുമ്പോള്‍ അത് നമ്മുടെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരിക്കും. കാനായിലെ വിവാഹ വിരുന്നിലെ ഈ അത്ഭുതം നമ്മുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്ന ഒരു അത്ഭുതമാണ്. നമ്മുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പരിശുദ്ധ മറിയത്തോടൊപ്പം യേശുവിനെ നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍, അവന്‍ പറയുന്നതനുസരിച്ച് ചെയ്താല്‍ മറ്റുളളവരെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ നമ്മുടെ ജീവിതവും മേല്‍ത്തരമായിരിക്കും.

ആമേന്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker