Kerala

അധ്യാപകൻ ഉത്തരക്കടലാസുകളിൽ തിരിമറി നടത്തിയ സംഭവം അപമാനകരമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

ഇതിനു പിന്നിൽ ആസൂത്രിത നീക്കങ്ങൾ ഉണ്ടായതായി സംശയിക്കുന്നുവെന്നും സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം

സ്വന്തം ലേഖകൻ

കൊച്ചി: അധ്യാപകൻ ഉത്തരക്കടലാസുകളിൽ തിരിമറി നടത്തിയ സംഭവം അപമാനകരവും ആശങ്കജനകവുമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. വിദ്യാർഥികളുടെ അറിവോ സമ്മതമോ കൂടാതെ അധ്യാപകൻ ഉത്തരക്കടലാസുകൾ തിരുത്തിയെന്ന വാർത്ത ഏറെ ആശങ്കയുണർത്തുന്നുവെന്നും, തികച്ചും ഒറ്റപ്പെട്ട ഒരു സംഭവമായി ഇതിനെ കാണാൻ പ്രയാസമുണ്ടെന്നും, ഇതിനു പിന്നിൽ ആസൂത്രിത നീക്കങ്ങൾ ഉണ്ടായതായി സംശയിക്കുന്നുവെന്നും യോഗം വിലയിരുത്തി.

അടുത്തകാലത്ത് വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന മേഖലയിലാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത് എന്നത്, ഇതിനുപിന്നിൽ ഉണ്ടാകാവുന്ന ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളെക്കുറിച്ച് സംശയം ഉളവാക്കുന്നതാണ്. വളരെ നല്ല നിലയിൽ പഠിച്ച് ഉന്നതമായ വിജയം ഉറപ്പാക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന സത്യസന്ധരായ കുട്ടികൾക്കും, ആത്മാർത്ഥമായി സേവനം ചെയ്യുന്ന അധ്യാപകർക്കും, നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തിനും അപമാനമായി മാറിയിരിക്കുകയാണ് ഈ സംഭവം എന്നതിൽ സംശമില്ലെന്ന് സമ്മേളനം പറയുന്നു.

വാല്യൂവേഷൻ പ്രക്രിയ കുട്ടികൾക്ക് വളരെ അനുകൂലവും പരമാവധി കുട്ടികളെ ഉന്നത പഠനത്തിന് അർഹത ആകുന്ന വിധത്തിലും ആയിരിക്കെ, എല്ലാവരെയും ജയിപ്പിക്കുവാനും, ജയിക്കുന്നവരെ മികവുറ്റവരാക്കി മാറ്റുവാനും പദ്ധതി ആസൂത്രണം ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചവരെയും, അവരുടെ മുൻകാല പ്രവർത്തനങ്ങളെയും വിശദമായ അന്വേഷണത്തിന് വിധേയമാക്കി കർശന നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകണമെന്നും കേരള കാത്തലിക് സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം ആവശ്യപ്പെട്ടു.

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്‌ടർ ഫാ.ജോസ് കരിവേലിക്കൽ, പ്രസിഡന്റ് സാലു പതാലിൽ, സെക്രട്ടറി ജോഷി വടക്കൻ, ട്രഷറർ ജോസ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker