Kerala

അദെയോദാത്തൂസച്ചന്‍ ധന്യപദവിയിലേക്ക്

രൂപതാതല നാമകരണ നടപടികള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്‍’ ഫാദര്‍ അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനം ഒക്ടോബര്‍ 20 ഞായറാഴ്ച നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടക്കും.

ഉച്ചകഴിഞ്ഞു 3 മണിക്ക് നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന വിശ്വാസ പ്രഘോഷണ യാത്രയോടെയാണ് രൂപതാതല നാമകരണ നടപടികളുടെ സമാപനത്തിന് തുടക്കമാവുക. 4 മണിയോടെ കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും സമാപന തിരുക്കര്‍മ്മങ്ങള്‍ക്കും നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കും. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ്, കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

 

ഫാദര്‍ അദെയോദാത്തൂസിനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആത്മീയ ഒരുക്കത്തിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് പ്രദേശങ്ങളിലെ എല്ലാ പള്ളികളിലൂടെയും വിശ്വാസ ദീപശിഖാ പ്രയാണം കടന്നുപോയിരുന്നു. തിരുവനന്തപുരം പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമപ്പള്ളിയിലെ ‘മുതിയാവിള വല്ല്യച്ച’ന്‍റെ കബറിടത്തില്‍ നിന്നും തെളിയിച്ച വിശ്വാസദീപമാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ എല്ലാ ഇടവക പള്ളികളിലും പ്രകാശം പകര്‍ന്ന് കടന്നുപോയത്. രൂപതാതല നാമകരണ നടപടികളുടെ സമാപന ഒരുക്കത്തിന്‍റെ ഭാഗമായായിരുന്നു ഈ വര്‍ഷത്തെ വിശ്വാസ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചത്.

രൂപതാതല നാമകരണ നടപടികളുടെ സമാപനത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രൂപതയിലെ 11 ഫൊറോനകളില്‍ നിന്നായി 3000ല്‍ അധികം വിശ്വാസികള്‍ വിശ്വാസ പ്രഘോഷണ യാത്രയില്‍ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുമെന്ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലും മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി എന്നിവിടങ്ങളിലും 1927 മുതല്‍ 1968 വരെ ജാതിമത വ്യത്യാസമില്ലാതെ നടന്നും സൈക്കിളിലും യാത്ര ചെയ്ത് മിഷന്‍ പ്രവര്‍ത്തനം നടത്തിയ കര്‍മ്മലീത്ത മിഷണറിയാണ് അദെയോദാത്തൂസച്ചന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘പുണ്യാളനച്ചന്‍’ എന്നും ‘തലമുറകളുടെ സംരക്ഷകന്‍’ എന്നും ‘മുതിയാവിള വല്യച്ചന്‍’ എന്നുമൊക്കെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു.

വിശ്വാസ പ്രഘോഷണ യാത്രയും പൊന്തിയഫിക്കല്‍ ദിവ്യബലിയും സമ്മേളനവും തതത്സമയ സംപ്രേഷണം കാത്തലിക് വോക്സിലും നെയ്യാറ്റിന്‍കര രൂപതാ മീഡിയകമ്മിഷന്‍ ചാനല്‍ സാന്‍ജോ ന്യൂസിലും കാണാം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker